മെഗാസ്റ്റാറുകൾക്കൊപ്പം അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ച കലാകാരനാണ് നടൻ ചന്തുനാഥ്. പതിനെട്ടാം പടി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയന്റെ വേഷം ചെയ്തുകൊണ്ട് ആയിരുന്നു ചന്തുവിന്റെ തുടക്കം. അധ്യാപകൻ ആയിരുന്ന ചന്തു ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. മോഹൻലാലിനൊപ്പം 12th മാൻ എന്ന ചിത്രത്തിലും ചന്തു അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് മോഹൻലാൽ ചിത്രം റാമിലും ചന്തു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ മോഹൻലാൽ എന്ന നടനെ കുറിച്ച് പറയുകയാണ് ചന്തു.
മോഹൻലാലിന്റെ അമ്മയെ അവസാനമായി കാണാൻ ചെന്നപ്പോൾ അദ്ദേഹത്തിനോട് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ ചോദ്യം കേട്ട് ഞെട്ടിയെന്നും ചന്തു പറഞ്ഞു. അത്രയും വിഷമിച്ചിരിക്കുന്ന ഘട്ടത്തിലും അദ്ദേഹം സുഖ വിവരം തിരക്കിയെന്നും മകൻ നീലന് സുഖമല്ലേ എന്ന് ചോദിച്ചുവെന്നും ചന്തു പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
'ലാലേട്ടനെ ചേട്ടനെ പോലെ നമ്മുക്ക് തോന്നും. പുള്ളി തന്നെ മോനെ എന്ന് വിളിച്ച് വളരെ അടുപ്പം കാണിക്കും നമ്മളോട്. ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. അവിടെ രാജുവേട്ടൻ ഉണ്ടായിരുന്നു. എനിക്ക് അത് വളരെ സിനിമാറ്റിക് അനുഭവമായിരുന്നു. പുള്ളിയുടെ വീട്ടിൽ. അതുകൊണ്ട് തന്നെ ലാലേട്ടന്റെ അമ്മ മരിച്ചപ്പോൾ ഞാൻ ഏട്ടന്റെ അടുത്ത് പോയിരുന്നു. ആന്റണി ചേട്ടൻ എന്നെ ലാലേട്ടന്റെ അടുത്തേക്ക് കൊണ്ട് പോയി, ഞാൻ അദ്ദേഹത്തിന് അടുത്ത് ഇരുന്ന് കയ്യിൽ പിടിച്ചു. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അങ്ങനത്തെ സാഹചര്യം ആണലോ അത്.
ലാലേട്ടൻ അത്രയും സ്നേഹമുള്ള പ്രാധാന്യമുള്ള ആളാണ് കിടക്കുന്നത്. പക്ഷെ ലാലേട്ടൻ എന്നെ നോക്കി ചിരിച്ചു, നീലൻ എന്തു പറയുന്നു, സുഖമായിട്ട് ഇരിക്കുന്നുവോ എന്ന് എന്നോട് ചോദിച്ചു. അദ്ദേഹം എന്താണ് ഈ പറയുന്നത് എന്ന് ഞാൻ അന്താളിച്ചു. ഇത്രയും നാള് കഴിഞ്ഞു അദ്ദേഹത്തെ കണ്ടിട്ട്. എന്നെ കണ്ടപ്പോൾ ആദ്യം ചോദിച്ചത് നീലൻ സുഖമായി ഇരിക്കുന്നുവോ മോനെ എന്നാണ്. അതാണ് ലാലേട്ടൻ. അത്രയും പ്രാധാന്യം അദ്ദേഹം നൽകുന്നുണ്ട്. അതൊക്കെ ജീവിതത്തിലെ വലിയ സന്തോഷം ഉള്ള നിമിഷമാണ്,' ചന്തുനാഥ് പറഞ്ഞു.
ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനൊപ്പം ജീത്തു ജോസഫ് ഒരുമിച്ച സിനിമ ആയിരുന്നു റാം. 2020ന്റെ തുടക്കത്തില്‍ രണ്ട് ഭാഗങ്ങളിലായി നിര്‍മിക്കാന്‍ തീരുമാനിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് കാരണം മുടങ്ങി പോവുകയായിരുന്നു. തുടർന്ന് സിനിമയെക്കുറിച്ച് അപ്ഡേറ്റ് ഒന്നും പുറത്തുവന്നില്ല. ചിത്രം ഉപേക്ഷിച്ചു എന്നുവരെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ റാമിനെക്കുറിച്ച് മനസുതുറക്കുകയാണ് ജീത്തു ജോസഫ്. റാം അടുത്ത മാസം പുനരാരംഭിക്കാൻ പദ്ധതിയുണ്ടെന്നും ലാലേട്ടൻ ഓപ്പൺ ഡേറ്റ് തന്നിട്ടുണ്ടെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.
Content Highlights: Actor Chandunath was shocked by the question Mohanlal asked him during his last visit to see his mother.