തിയേറ്ററിൽ റിലീസില്ല, മലയാളം സിനിമയുടെ റീമേക്ക്, എങ്ങനെ മൂന്ന് സ്റ്റേറ്റ് അവാർഡ് കിട്ടി?; എയറിലായി തമിഴ് സിനിമ

മികച്ച ആർട്ട് ഡയറക്ടർ, മികച്ച ഗായകൻ, മികച്ച മൂന്നാമത്തെ സിനിമ എന്നീ പുരസ്‌കാരങ്ങൾ ആണ് സിനിമയ്ക്ക് ലഭിച്ചത്

തമിഴ്നാട് സ്റ്റേറ്റ് അവാർഡുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്. എന്നാൽ പുരസ്കര പ്രഖ്യാപനത്തിന് പിന്നാലെ ചില വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇപ്പോഴിതാ സ്റ്റേറ്റ് അവാർഡിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയരുന്ന ഒരു വിമർശനമാണ് ശ്രദ്ധ നേടുന്നത്.

2020 ലെ പുരസ്കാരത്തിൽ വിമൽ നായകനായി എത്തിയ സണ്ടക്കാരി എന്ന സിനിമയ്ക്ക് മൂന്ന് പുരസ്കരങ്ങൾ ലഭിച്ചിരുന്നു. മികച്ച ആർട്ട് ഡയറക്ടർ, മികച്ച ഗായകൻ, മികച്ച മൂന്നാമത്തെ സിനിമ എന്നീ പുരസ്‌കാരങ്ങൾ ആണ് സണ്ടക്കാരി എന്ന സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ചില ചോദ്യങ്ങളുമായി എത്തുകയാണ് സിനിമാപ്രേമികൾ. നിരവധി തവണ പല പ്രശ്നങ്ങൾ മൂലം റിലീസ് മാറ്റിവെച്ച സിനിമ ഒരിക്കലും തിയേറ്ററിൽ റിലീസ് ചെയ്തിരുന്നില്ല. തുടർന്ന് ഒടിടി റിലീസായി പോലും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നില്ല.

പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നൽകിയതെന്ന ചോദ്യമാണ് സിനിമാപ്രേമികൾ മുന്നോട്ട് വെക്കുന്നത്. മാത്രമല്ല മലയാളത്തിൽ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മൈ ബോസ് എന്ന സിനിമയുടെ തമിഴ് റീമേക്ക് ആണ് സണ്ടക്കാരി. ഇതോടെ ചിത്രം അവാർഡിനുള്ള മാനദണ്ഡങ്ങളെയെല്ലാം മറികടക്കുന്നു എന്നും, എന്നിട്ടും സിനിമയ്ക്ക് എന്ത് അടിസ്ഥാനത്തിലാണ് അവാർഡ് നൽകിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

#Sandakkari - An Unreleased Film & a Malayalam remake got Three TN State Awards. pic.twitter.com/YPtwhKt86E

അതേസമയം, ചിത്രത്തിന്റെ സംവിധായകനായ ആർ മധേഷ് സ്റ്റേറ്റ് അവാർഡ് ജൂറി മെമ്പർ ആയിരുന്നു എന്നും അതിനാലാകും സിനിമയ്ക്ക് അവാർഡ് ലഭിച്ചതെന്നുമാണ് ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ഒപ്പം മമ്മൂട്ടിക്കും പേരൻപിനും അവാർഡ് ലഭിക്കാത്തതിലുള്ള അമർഷവും നിരവധി പേർ പ്രകടിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടേയും ബാലതാരം സാദനയുടെയും പ്രകടനങ്ങൾക്ക് വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചത്. എന്നാൽ സ്റ്റേറ്റ് അവാർഡിൽ ഇരുവർക്കും അവാർഡ് ഒന്നും ലഭിക്കാത്തത് ആണ് ഇപ്പോൾ സിനിമാപ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. നിലവിൽ 2018 ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ധനുഷിനാണ്.

Still wondering, On What basis this #Sandakkari (3 awards) was even considered for the STATE AWARD?Film was:1) Not Even Released in Theatre😀 2) A Malayalam Remake.😕Clear ‘State Award’ - Rules Violation.Adei🤦‍♂️ Oru Gyayam Vendama!!! pic.twitter.com/cf3yvl5oz9

വടചെന്നൈ എന്ന സിനിമയിലെ പ്രകടനത്തിനാണ് ധനുഷിന് പുരസ്‌കാരം ലഭിച്ചത്. എന്നാൽ ചിത്രത്തിലെ ധനുഷിനെക്കാൾ മികച്ച പ്രകടനമായിരുന്നു പേരൻപിൽ മമ്മൂട്ടി കാഴ്ചവെച്ചതെന്നും നടന് പുരസ്‌കാരം നൽകാത്തത് മോശമായിപ്പോയി എന്നാണ് പലരും എക്സിൽ കുറിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സാദനയെ ബാലതാരമായി പരിഗണിക്കാത്തതിലും പലരും നിരാശ പ്രകടിപ്പിക്കുന്നുണ്ട്.

Content Highlights: An Unreleased Film and a Malayalam remake got Three TN State Awards audience surprised

To advertise here,contact us