രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോൾ തിയേറ്ററിൽ മുന്നേറുകയാണ്. ആഗോളതലത്തിൽ സിനിമ 1000 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. സിനിമ ഒടിടിയിലും പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ വമ്പൻ ഒരു റോൾ നാഗാർജുന വേണ്ടെന്ന് വെച്ചെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.
സിനിമയിൽ അക്ഷയ് ഖന്ന തകർത്ത് അഭിനയിച്ച റഹ്മാൻ ദക്കൈത് എന്ന വേഷം ചെയ്യാൻ ആദ്യം സംവിധായകൻ സമീപിച്ചത് നാഗാർജുനയെ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കൂലി സിനിമയിൽ അഭിനയിക്കുന്നതിൽ തിരക്ക് കാരണം നടൻ ഈ വേഷം നിരസിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നാഗാർജുനയ്ക്ക് ഈ വേഷം നിരസിച്ചത് വലിയ നഷ്ടമായി പോയെന്നാണ് ആരാധകർ പറയുന്നത്.
എന്നാൽ, ലോകേഷ് സംവിധാനത്തിൽ എത്തിയ കൂലി പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും നാഗാർജുനയുടെ സൈമൺ എന്ന വേഷം കയ്യടികൾ വാങ്ങിയിരുന്നു. അതേസമയം,ഡബ്ബ് വേർഷൻ റിലീസ് ഇല്ലാതെ 1000 കോടി നേടിയ ആദ്യ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് ധുരന്ദർ. 54 ദിവസം കൊണ്ട് 1051.14 കോടിയാണ് സിനിമ ഇന്ത്യയിൽ നിന്നും ഇതുവരെ നേടിയത്. ഓവർസീസിൽ നിന്നും 293.50 കോടി രൂപ നേടിയ സിനിമയുടെ ആഗോള കളക്ഷൻ ഇപ്പോൾ 1344.64 കോടിയാണ്. ഡബ്ബ് വേർഷനുകളോ പാൻ ഇന്ത്യൻ റിലീസോ ഇല്ലാതെയാണ് ധുരന്ദർ ഈ നേട്ടം സ്വന്തമാക്കിയത്.
ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ലഭിച്ചതായി റിപ്പോട്ടുകൾ ഉണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയത്.
Content Highlights: Nagarjuna passed on a big role in Durandar and opted for Coolie instead.