ഞാൻ പറയുന്ന സമയത്ത് ലാൽ സാർ ഡേറ്റ് തരും, 'റാം' അടുത്ത മാസം ഷൂട്ട് തുടങ്ങും: ജീത്തു ജോസഫ്

ഹോളിവുഡിൽ നിന്നടക്കമുള്ള ആക്ഷൻ കൊറിയോ​ഗ്രഫേഴ്സാണ് റാമിനായി അണിനിരക്കുന്നത്

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനൊപ്പം ജീത്തു ജോസഫ് ഒരുമിച്ച സിനിമ ആയിരുന്നു റാം. 2020ന്റെ തുടക്കത്തില്‍ രണ്ട് ഭാഗങ്ങളിലായി നിര്‍മിക്കാന്‍ തീരുമാനിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് കാരണം മുടങ്ങി പോവുകയായിരുന്നു. തുടർന്ന് സിനിമയെക്കുറിച്ച് അപ്‌ഡേറ്റ് ഒന്നും പുറത്തുവന്നില്ല. ചിത്രം ഉപേക്ഷിച്ചു എന്നുവരെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ റാമിനെക്കുറിച്ച് മനസുതുറക്കുകയാണ് ജീത്തു ജോസഫ്. റാം അടുത്ത മാസം പുനരാരംഭിക്കാൻ പദ്ധതിയുണ്ടെന്നും ലാലേട്ടൻ ഓപ്പൺ ഡേറ്റ് തന്നിട്ടുണ്ടെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.

'റാമിന്റെ കാര്യത്തിൽ സീരിയസ് ആയ ചർച്ചകൾ നടക്കുന്നുണ്ട്. ദൈവം സഹായിച്ചാൽ അടുത്ത മാസം ഷൂട്ട് പുനരാരംഭിക്കാൻ സാധ്യതയുണ്ട്. ഇത്തവണ എന്തായാലും കാര്യങ്ങൾ സീരിയസ് ആണ് കാരണം ഇടക്കിടെ സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ വന്നുപോകുന്നുണ്ട്. നിർമാതാക്കളും ഒത്തിരി സ്ട്രഗിൾ ചെയ്യുന്നുണ്ട്. ലാൽ സാറും ആന്റണിയും ഓപ്പൺ ആയി പറഞ്ഞിട്ടുണ്ട് ഇത് മുൻഗണ കൊടുക്കേണ്ട പ്രൊജക്റ്റ് ആണ് ഞാൻ എപ്പോൾ പറയുന്നോ അപ്പോൾ ഡേറ്റ് എന്നാണ്', ജീത്തു ജോസഫിൻ്റെ വാക്കുകൾ.

ജീത്തു ജോസഫ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ തൃഷ, ഇന്ദ്രജിത് സുകുമാരന്‍, സംയുക്ത, ദുര്‍ഗ കൃഷ്ണ, ചന്തുനാഥ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു ശ്യാമാണ്. അഭിഷേക് ഫിലിംസ് പാഷന്‍ സ്റ്റുഡിയോസിന്റെ കീഴില്‍ രമേശ്. പി. പിള്ള, സുധന്‍ സുന്ദരം എന്നിവര്രാണ് ചിത്രം നിർമിക്കുന്നത്.

ഹോളിവുഡിൽ നിന്നടക്കമുള്ള ആക്ഷൻ കൊറിയോ​ഗ്രഫേഴ്സാണ് റാമിനായി അണിനിരക്കുന്നത്. ചെന്നൈ,ധനുഷ്‌കോടി, കെയ്റോ, ഡെല്‍ഹി,ലണ്ടന്‍,കൊളംബോ എന്നിവിടങ്ങളിലായി 'റാം' ചിത്രീകരിക്കുമെന്നാണ് സിനിമയുടെ പ്രഖ്യാപന ഘട്ടത്തില്‍ പറഞ്ഞിരുന്നത്.

വലതുവശത്തെ കള്ളൻ ആണ് ഇപ്പോൾ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം. ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.

Content Highlights: Jeethu joseph talks about Mohanlal film Ram and about restarting it's shooting

To advertise here,contact us