

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് കൂടിയാണ് ഈ ചിത്രം. ആഗോള കളക്ഷൻ 83 കോടിയാണ് ചിത്രം പിന്നിട്ടത്. ചിത്രത്തിൽ രജിഷ വിജയനും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് മനസുതുറക്കുകയാണ് രജിഷ.
മമ്മൂട്ടി കഥാപാത്രമായി മാറുന്നത് അറിയാൻ കഴിയില്ലെന്നും അത്രയ്ക്കും സ്മൂത്ത് ആണ് ആ സ്വിച്ച് എന്നും രജിഷ പറയുന്നു. 'കഥാപാത്രമായി മാറുന്നത് അറിയാൻ പറ്റുന്നില്ല എന്നതാണ് മമ്മൂക്കയിൽ നിന്നും ലഭിച്ച ഏറ്റവും വലിയ പാഠം. പല അഭിനേതാക്കളും കഥാപാത്രമായി സ്വിച്ച് ചെയ്യുമ്പോൾ നമുക്ക് മനസിലാകും, എവിടെയെങ്കിലും ഒരു റിയാക്ഷൻ അവിടെ സംഭവിക്കും. പക്ഷെ ഇത് വളരെ സ്മൂത്ത് ആയി എപ്പോൾ മമ്മൂക്കയിൽ നിന്ന് സ്റ്റാൻലി ദാസ് ആയി എന്ന് ഞാൻ പോലും അറിഞ്ഞില്ല. അത്രയും നേരം മമ്മൂക്കയുമായി സംസാരിച്ചിരുന്ന് പെട്ടെന്ന് അദ്ദേഹം കഥാപാത്രമായി മാറി. എന്നെ സംബന്ധിച്ച് അത് കാണാൻ കഴിയുക അവിടെ ഒരു ഫ്രെയിമിൽ എങ്കിലും നിൽക്കാൻ പറ്റുക എന്നത് തന്നെ ആയിരുന്നു എന്നെ എക്സൈറ്റ് ചെയ്യിച്ചത്', രജിഷയുടെ വാക്കുകൾ.
ചിത്രത്തിൽ സ്റ്റാൻലി ദാസ് എന്ന വില്ലനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് വലിയ കയ്യടികളാണ് ലഭിച്ചത്. വിനായകൻ ആണ് സിനിമയിലെ നായകൻ. ഡിസംബർ 5 ന് ആഗോള റിലീസായി എത്തിയ ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ എത്തിയ മമ്മൂട്ടി ചിത്രം എന്ന നേട്ടവും കളങ്കാവൽ സ്വന്തമാക്കിയിരുന്നു.
ഇതുവരെ പ്രേക്ഷകർ കാണാത്ത രൂപത്തിലും ഭാവത്തിലും മമ്മൂട്ടി അമ്പരപ്പിച്ച ചിത്രം കൂടിയായി കളങ്കാവൽ മാറി. മുജീബ് മജീദ് ഒരുക്കിയ റെട്രോ സ്റ്റൈൽ തമിഴ് ഗാനങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വൈറലായി നിൽക്കുന്നുണ്ട്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
Content Highlights: Rajisha vijayan talks about how mammootty surprised with his acting in kalamkaval