എത്രയൊക്കെ വളർന്നാലും എവിടെയൊക്കെ പോയാലും എന്നും എപ്പോഴും തിരിച്ചെത്താൻ കൊതിക്കുന്നൊരിടം… ഓരോരുത്തർക്കും വീട് എന്നത് എക്കാലവും സ്നേഹമാണ്, സന്തോഷമാണ്. അത്തരത്തിൽ വീടിനെ കുറിച്ച് അതിമനോഹരമായൊരു ഗാനം പുറത്തുവന്നിരിക്കുകയാണ്. 'ഹൃദയമിതെഴുതും കഥയിലെ വീട് മഴവിൽ ചേലുള്ള വീട്…' എന്ന് തുടങ്ങുന്ന 'വലതുവശത്തെ കള്ളനി'ലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം ഹൃദയങ്ങൾ തഴുകി തലോടുന്നൊരു സുഖം ആസ്വാദകർക്ക് നൽകിയിരിക്കുകയാണ്. ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരി 30-നാണ് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.
വിഷ്ണു ശ്യാമിന്റെ ഈണത്തിൽ വിനായക് ശശികുമാർ എഴുതി കെ എസ് ചിത്രയും രാജ്കുമാർ രാധാകൃഷ്ണനും ചേർന്ന് പാടിയിരിക്കുന്നതാണ് ഗാനം. ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ സാമുവൽ ജോസഫ് എന്ന കഥാപാത്രമായെത്തുന്ന ജോജു ജോർജിന്റെ വീടിനേയും വീട്ടുകാരേയും കാണിച്ചുകൊണ്ടാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ആന്റണി സേവ്യർ എന്ന കഥാപാത്രമായിട്ടാണ് ബിജു മേനോൻ എത്തുന്നത്.
സിനിമയുടെ ട്രെയിലർ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്വിൽ എൻറർടെയ്ൻമെൻറ്സാണ് ഡിസ്ട്രിബ്യൂഷൻ.
മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വലതുവശത്തെ കള്ളൻ'. 'മുറിവേറ്റൊരു ആത്മാവിൻറെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് വലതുവശത്തെ കള്ളൻ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്സ് : ടോണി മാഗ് മിത്ത്, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ടിങ്, പിആർഒ : ആതിര ദിൽജിത്ത്.
Content Highlights: Song from Valathuvashathe Kallan movie is out. Movie starring Biju Menon and Joju George is directed by Jeethu Joseph