റൺ ബേബി റണ്ണിന് അടിതെറ്റി, ഉദയനാണ് താരം ഹിറ്റടിക്കുമോ?; റീ റിലീസ് ഡേറ്റ് പുറത്തുവിട്ട് ലാലേട്ടൻ

മോഹന്‍ലാലിനൊപ്പം ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന മികച്ച ചിത്രങ്ങളിലൊന്നാണ്

റോഷന്‍ ആന്‍ഡ്രൂസ്-മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരം, 20 വര്‍ഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ റീ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ഒരു വീഡിയോ മോഹൻലാൽ പുറത്തുവിട്ടിട്ടുണ്ട്. ഫെബ്രുവരി ആറിന് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തും. ഏറ്റവും പുതിയ സിനിമയായ L 366 ന്റെ ലുക്കിലാണ് മോഹൻലാൽ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

മോഹന്‍ലാലിനൊപ്പം ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന മികച്ച ചിത്രങ്ങളിലൊന്നാണ്. റിലീസ് വേളയില്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയവും ഏറെ പ്രേക്ഷക പ്രശംസയും നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി കരുണാകരനാണ് ചിത്രം നിര്‍മിച്ചത്. ഉദയഭാനുവായി മോഹന്‍ലാലും സരോജ്കുമാര്‍ എന്ന രാജപ്പനായി ശ്രീനിവാസനും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്.

ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായുള്ള തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സിനിമയില്‍ മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ദീപക് ദേവിന്റേതാണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിര്‍വഹിച്ചു. എ. കെ സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ത്രിബ്യൂഷന്‍ കൈകാര്യം ചെയ്യുന്നത്.

എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം, എക്‌സിക്യൂട്ട് പ്രൊഡ്യൂസര്‍: കരീം അബ്ദുള്ള, ആര്‍ട്ട്: രാജീവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇന്‍ചാര്‍ജ്: ബിനീഷ് സി കരുണ്‍, മാര്‍ക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാര്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍: മദന്‍ മേനോന്‍, കളറിസ്റ്റ്: രാജ പാണ്ഡ്യന്‍(പ്രസാദ് ലാബ്), ഷാന്‍ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4സ റീ മാസ്റ്ററിങ്: പ്രസാദ് ലാബ്, മിക്‌സിംഗ്: രാജാകൃഷ്ണന്‍, സ്റ്റില്‍സ്: മോമി & ജെപി, ഡിസൈന്‍സ്: പ്രദീഷ് സമ, പി.ആര്‍.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Udayananu Tharam Re releasing on February 6th✨@Mohanlal #mohanlal pic.twitter.com/oRx73GazAb

നേരത്തെ പുറത്തുവന്ന മോഹൻലാലിന്റെ റീ റിലീസ് ചിത്രം റൺ ബേബി റണ്ണിന് കളക്ഷനിൽ കുതിപ്പുണ്ടാക്കാൻ ആയിരുന്നില്ല. ജോഷി സംവിധാനം ചെയ്ത് ഗാലക്‌സി ഫിലിംസിലൂടെ മിലൻ ജലീൽ നിർമിച്ച ചിത്രമാണ് റൺ ബേബി റൺ. 2012ൽ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ 100 ദിവസത്തിലധികം ഓടി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സച്ചി-സേതു ജോഡി വേർപിരിഞ്ഞതിന് ശേഷമുള്ള സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു സിനിമയുടേത്. മോഹൻലാൽ, അമല പോൾ, ബിജു മേനോൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തിയത്.

Content Highlights: Mohanlal - sreenivasan iconic film udhayananu thaaram re release date announced by lalettan

To advertise here,contact us