തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ആര് സംവിധാനം ചെയ്യുമെന്നത് ഏറെ നാളുകളായി തമിഴ് സിനിമ ലോകത്ത് ഒരു സംസാരവിഷയം തന്നെയായിരുന്നു. നിരവധി സംവിധായകരുടെ പേരുകൾ ചർച്ചയിൽ വന്നു പോയെങ്കിലും നറുക്ക് വീണിരിക്കുന്നത് സംവിധായകൻ സിബി ചക്രവർത്തിയ്ക്കാണ്. ശിവകർത്തിയാകാൻ സിനിമ ഡോൺ സംവിധാനം ചെയ്തിരുന്നത് ഇദ്ദേഹമാണ്.
സിബി ചക്രവർത്തിയ് മുൻപേ സുന്ദർ സി, കാർത്തിക് സുബ്ബരാജ്, ധനുഷ്, ലോകേഷ് തുടങ്ങി നിരവധി താരങ്ങളുടെ പേരുകൾ വന്ന് പോയിരുന്നു. ഇപ്പോഴിതാ തലൈവർ 173 എന്ന ചിത്രത്തിൽ നിന്ന് താൻ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കുകയാണ് ലോകേഷ് കനകരാജ്. ക്രിയാത്മകമായ വിയോജിപ്പുകളാണ് പിന്മാറ്റത്തിന് കാരണമെന്ന് ചെന്നൈയിൽ നടന്ന ഒരു വാർത്താസമ്മേളനത്തിൽ ലോകേഷ് പറഞ്ഞു. ഈ പ്രോജക്റ്റിനായി ഒന്നര മാസത്തോളം തിരക്കഥയിൽ പ്രവർത്തിച്ചെന്നും സീനിയർ താരങ്ങളുമായുള്ള ചർച്ചകൾക്ക് ശേഷം താൻ പിൻവാങ്ങുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആക്ഷൻ ചിത്രങ്ങൾക്ക് ശേഷം ലഘുവായ ഒരു സിനിമ ചെയ്യാനാണ് രജനീകാന്തും കമൽ ഹാസനും താല്പര്യപ്പെട്ടതെന്ന് ലോകേഷ് പറഞ്ഞു. രജനീകാന്തിന്റേതായി ജയിലർ 2, കമൽ ഹാസൻ നായകനാകുന്ന അൻപറിവ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് വരുന്നത്. ഇതുരണ്ടും ആക്ഷൻ ചിത്രങ്ങളാണ്. ഇതു പരിഗണിച്ച് താരങ്ങൾ ശ്രദ്ധാപൂർവ്വം ഒരു മാറ്റം ആഗ്രഹിച്ചുവെന്നും ലോകേഷ് വിശദീകരിച്ചു. അതേസമയം, അല്ലു അർജുൻ ചിത്രത്തിന് ശേഷം കൈതി 2 ആരംഭിക്കും, വിക്രം 2, റോളക്സ് സിനിമകൾ എല്ലാം സംഭവിക്കുമെന്നും ലോകേഷ് പറഞ്ഞു.
തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് നിർമ്മിക്കുന്നത്. തലൈവർ 173 സുന്ദർ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർന്ന് ചിത്രത്തിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല. അതേസമയം രജനികാന്തിന്റെ കൂലി, കമൽ ഹാസന്റെ തഗ് ലൈഫ് എന്നീ സിനിമകളാണ് ഇരുവരുടെയുമായി ഒടുവിൽ തിയേറ്ററിൽ എത്തിയയത്. രണ്ടു ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടാതെയാണ് തിയേറ്റർ വിട്ടത്.
Content Highlights: Lokesh Kanagaraj responded to questions about the Kamal Haasan–Rajinikanth project. He explained why he chose to step away from the collaboration. The clarification addressed rumors and speculation surrounding the project.