ജനനായകന് വീണ്ടും തിരിച്ചടി; സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി, റിലീസിനായി ഇനിയും കാത്തിരിക്കണം

ജനനായകന് വീണ്ടും തിരിച്ചടി; സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി

മദ്രാസ് ഹൈക്കോടതിയുടെ വിധി കാത്തിരിക്കുകയായിരുന്ന വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ചൊവ്വാഴ്ച ഈ ഉത്തരവിട്ടത്. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്.

പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചിരുന്നു. തുടർന്ന് ഈ ടിക്കറ്റുകൾ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്ക് അനുമതി നൽകുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഈ കാലതാമസം ആണ് ജനനായകൻന്റെ റിലീസ് പ്രതിസന്ധിയിലാക്കിയത്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Content Highlights: Jananayakan faced a fresh legal setback. The Division Bench overturned the earlier Single Bench verdict. The ruling has altered the legal course of the case.

To advertise here,contact us