തന്റെ ആദ്യ സിനിമാനുഭവം പങ്കുവെക്കുകയാണ് നടൻ ഗിന്നസ് പക്രു. താൻ ആദ്യമായി കണ്ട സിനിമാതാരങ്ങൾ കുതിരവട്ടം പപ്പു ചേട്ടനും ജഗതി ചേട്ടനും മാള അരവിന്ദൻ ചേട്ടനുമാണെന്ന് ഗിന്നസ് പക്രു പറയുന്നു. ആദ്യ സിനിമയിലെ അനുഭവങ്ങളും നടൻ മനസുതുറക്കുന്നുണ്ട്. ആദ്യ സിനിമ റിലീസായപ്പോൾ തന്റെ ഭാഗം എഡിറ്റ് ചെയ്തു കളഞ്ഞിരുന്നുവെന്നും അത് തന്നെ തകർത്ത് കളഞ്ഞുവെന്നും പക്രു പറയുന്നു.
'നാലാം ക്ലാസിൽ എത്തിയപ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറിയത്. കഥാപ്രസംഗമാണ് അവതരിപ്പിച്ചത്. വലിയ കരഘോഷമായിരുന്നു. സ്റ്റേജിൽ പെർഫോം ചെയ്യാനുള്ള കഴിവുണ്ടെന്ന് അന്നാണ് മനസിലായത്. ബെസ്റ്റ് പെർഫോമർക്കുള്ള സമ്മാനമായി നിലവിളക്കും കിട്ടി. അതാണ് ആദ്യം കിട്ടിയ അംഗീകാരം. ഞാൻ സിനിമയിലേക്കുള്ള വഴി കണ്ടെത്തിയത് വഴി പറഞ്ഞ് കൊടുത്താണ്. ആദ്യമായി കണ്ട താരങ്ങൾ കുതിരവട്ടം പപ്പു ചേട്ടനും ജഗതി ചേട്ടനും മാള അരവിന്ദൻ ചേട്ടനുമാണ്. ഇവർക്കൊപ്പമായിരുന്നു ആദ്യ സിനിമ.
സിനിമയിൽ അഭിനയിച്ചതോടെ സ്കൂളിലും നാട്ടിലും ഞാൻ സിനിമാ നടനായി. ഞാൻ ഷൂട്ടിങ്ങിന് പോകുമ്പോൾ ഒരു നാടാണ് എന്നെ യാത്രയാക്കിയിരുന്നത്. പ്രീമിയർ പത്മിനി കാറിലായിരുന്നു ലൂസ് ലൂസ് ലൂസ് അരപ്പിരി ലൂസിന്റെ സെറ്റിലേക്ക് എന്നും പോയിരുന്നത്. സിനിമ ക്രൂവിട്ട കാറായിരുന്നു അത്. ആ കാർ യാത്രയും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ആ സിനിമ റിലീസിന് വന്നപ്പോൾ എന്റെ ഭാഗം അതിലുണ്ടായിരുന്നില്ല. അവർ കട്ട് ചെയ്ത് കളഞ്ഞിരുന്നു. അന്ന് ഞാൻ തകർന്ന് പോയി. സിനിമയിൽ വന്നില്ല എന്നതിനേക്കാൾ കൂട്ടുകാരോട് എന്ത് പറയും എന്നതായിരുന്നു എന്റെ സങ്കടം. ആ സിനിമയ്ക്ക് വേണ്ടി മുടി മൊട്ടയടിക്കുകയും ഫൈറ്റ് ചെയ്യുകയുമെല്ലാം ഞാൻ ചെയ്തിരുന്നു', ഗിന്നസ് പക്രുവിന്റെ വാക്കുകൾ.
916 കുഞ്ഞൂട്ടൻ ആണ് അവസാനമായി പുറത്തിറങ്ങിയ ഗിന്നസ് പക്രു ചിത്രം. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില് ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്യന് വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടന്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര് രാജ് വിമല് രാജനാണ്. ഫാമിലി എന്റര്ടെയ്നറായ ചിത്രത്തില് ഷാജു ശ്രീധര്, നോബി മാര്ക്കോസ്, വിജയ് മേനോന്, കോട്ടയം രമേഷ്, നിയാ വര്ഗീസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.
Content Highlights: Guiness Pakru talks about his first cinema experience and about his scene removed in first film