ജെ പി ദത്ത സംവിധാനം ചെയ്ത് സണ്ണി ഡിയോൾ, അക്ഷയ് ഖന്ന, ജാക്കി ഷ്റോഫ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ഹിറ്റ് സിനിമയാണ് ബോർഡർ. 1997 ൽ പുറത്തിറങ്ങിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കിയിരിക്കുകയാണ്. ബോർഡർ 2 എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിൽ സിനിമ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്.
പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ 158.3 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. ഇന്ത്യയിൽ നിന്നും മൂന്ന് ദിവസം കൊണ്ട് 121 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ആദ്യ ദിനം 30 കോടി നേടിയ സിനിമ രണ്ടാം ദിനം 36.5 കോടിയും മൂന്നാം ദിനം 54.5 കോടിയും നേടി. സിനിമയുടെ ആദ്യം പുറത്തുവന്ന ട്രെയിലറിന് മോശം പ്രതികരണങ്ങളും നിറയെ ട്രോളുകളും ലഭിച്ചിരുന്നു. ഇതോടെ സിനിമ മോശമാകും എന്നാണ് എല്ലാവരും വിധിയെഴുതിയിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗംഭീര അഭിപ്രായം ആണ് സിനിമ നേടുന്നത്. സിനിമയുടെ ട്രെയ്ലർ പ്രേക്ഷകരെ പറ്റിച്ചെന്നും യഥാർത്ഥത്തിൽ സിനിമ നല്ലതെന്നുമാണ് പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്. മികച്ച സിനിമയാണ് ബോർഡർ 2 എന്നും ആദ്യ ഭാഗത്തിന്റെ പേരിനെ നശിപ്പിക്കാതെ സിനിമ മുന്നോട്ട്പോകുന്നു എന്നാണ് അഭിപ്രായങ്ങൾ.
സിനിമയിലെ പ്രകടനങ്ങൾക്കും മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. വരുൺ ധവാൻ പ്രകടനം കൊണ്ട് ഞെട്ടിച്ചെന്നും ഇതാണ് നടന്റെ കരിയർ ബെസ്റ്റ് എന്നാണ് അഭിപ്രായങ്ങൾ. സണ്ണി ഡിയോളിന്റെ അഭിനയത്തിനും കയ്യടികൾ വീഴുന്നുണ്ട്. ധുരന്ദറിന് ശേഷം ബോളിവുഡിലെ അടുത്ത ഹിറ്റാണ് ബോർഡർ 2 എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
കോയിമൊയ്യുടെ റിപ്പോർട്ട് പ്രകാരം 275 കോടി ബജറ്റിലാണ് ബോർഡർ 2 ഒരുങ്ങിയിരിക്കുന്നത്. ഇതിൽ 200 കോടിയോളം സിനിമ പ്രീ റിലീസ് ബിസിനസിലൂടെ മാത്രം നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാറ്റലൈറ്റ് റൈറ്റ്സ്, ഒടിടി റൈറ്റ്സ്, മ്യൂസിക് റൈറ്റ്സ് എന്നിവ വഴിയാണ് സിനിമ ഈ തുക റിലീസിന് മുന്നേ തിരിച്ചുപിടിച്ചത്. വരുൺ ധവാൻ, ദിൽജിത്, അഹാൻ ഷെട്ടി, സോനം ബജ്വ, മോന സിങ്, സണ്ണി ഡിയോൾ എന്നിവരാണ് ബോർഡർ 2 വിലെ പ്രധാന അഭിനേതാക്കൾ. മിഥൂൻ ആണ് സംഗീതം. അനുഷുൽ ഛോബെ ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം, ബോർഡർ ആദ്യ ഭാഗം വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റായിരുന്നു. സിനിമയിലെ 'സന്ദീസേ ആതേ ഹേ' എന്ന ഗാനം ഇന്നും ജനഹൃദയങ്ങളിൽ ഇടം നേടിയ ഗാനമാണ്.
Content Highlights: Sunny deol film Border 2 collects 150 crores at global box office