പാട്രിയറ്റിലെ കുത്തും വരയും പിടി കിട്ടിയോ?മോർസ് കോഡ് പൊളിച്ച് റിലീസ് തീയതി കണ്ടെത്തി പ്രേക്ഷകർ

പാട്രിയറ്റ് പോസ്റ്ററില്‍ ഒളിപ്പുവെച്ച റിലീസ് തീയതി; മോര്‍സ് കോഡ് ക്രാക്ക് ചെയ്‌തെടുത്ത് പ്രേക്ഷകര്‍

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പാട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

മോർസ് കോഡ് ഉപയോഗിച്ചാണ് സിനിമയുടെ റീലീസ് ഡേറ്റ് അണിയറപ്രവർത്തകർ ഒളിപ്പിച്ചത്. പോസ്റ്ററിലെ കുത്തും കോമയും കണ്ടെത്തിയതോടെയാണ് ഇത് സിനിമയുടെ റീലീസ് ഡേറ്റ് ആണെന്ന് ആരാധകർക്ക് പിടികിട്ടിയത്. ഏപ്രിൽ 23 നാണ് സിനിമയുടെ റീലീസ്. നയൻതാര, രാജീവ് മേനോൻ എന്നിവരുടെ സിനിമയിലെ ലുക്കാണ് അണിയറപ്രവർത്തകർ ആദ്യം പങ്കുവെച്ചത്.

'വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ', എന്ന കുറിപ്പോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. സിനിമയിൽ ആദ്യം മമ്മൂട്ടിയുടേതോ, മോഹൻലാലിൻെറയോ ക്യാരക്ടർ പോസ്റ്റർ ആകും എത്തുക എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഉടൻ തന്നെ ഇവരുടെ ലുക്കും വരുമെന്നാണ് ആരാധകർ പറയുന്നത്. ഇവർക്ക് പുറമേ കുഞ്ചാക്കോ ബോബനും രേവതിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വെക്കേഷൻ റിലീസായതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകൾ നേടാനാകും എന്നുതന്നെയാണ് പ്രതീക്ഷ. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന പാട്രിയറ്റ്, അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കുന്നതെന്ന്, നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിലെ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ സൂചന നൽകുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, ലഡാക്ക്, ഹൈദരാബാദ്, യുകെ, കേരളം തുടങ്ങി വിവിധ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: The Patriot film poster contained a hidden clue about the release date. Viewers noticed symbols resembling Morse code in the poster. Fans successfully decoded the Morse code to reveal the release timeline.

To advertise here,contact us