പാട്ട് ഒരു വഴിക്ക് ലിപ് സിങ്ക് മറ്റൊരു വഴിക്ക്, വീണ്ടും ട്രോളായി സൽമാൻ ഖാൻ സിനിമയിലെ പാട്ട്; വൈറലായി കമന്റുകൾ

ഗാനത്തിന്റെ വരികൾക്കൊത്തല്ല നടൻ ലിപ് സിങ്ക് ചെയ്യുന്നതെന്നും ഒട്ടും എനർജിയില്ലാതെയാണ് നടന്റെ പ്രകടനം എന്നുമാണ് വിമർശനം

സൽമാൻ ഖാനെ നായകനാക്കി അപൂർവ്വ ലാഖിയ ഒരുക്കുന്ന സിനിമയാണ് ബാറ്റിൽ ഓഫ് ഗാൽവാൻ. 2020 ജൂണിൽ ഗാൽവാൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിലെ ആദ്യത്തെ ഗാനം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ച് മോശം റെസ്പോൺസ് ആണ് ഗാനത്തിന് ലഭിക്കുന്നത്.

ഗാനത്തിലെ സൽമാന്റെ ലിപ് സിങ്കിനെ ചൂണ്ടിക്കാണിച്ചാണ് വിമർശനങ്ങൾ ഉയരുന്നത്. ഗാനത്തിന്റെ വരികൾക്കൊത്തല്ല നടൻ ലിപ് സിങ്ക് ചെയ്യുന്നതെന്നും ഒട്ടും എനർജിയില്ലാതെയാണ് നടന്റെ പ്രകടനം എന്നുമാണ് വിമർശനം. അഭിനയിക്കാൻ ഒട്ടും താൽപര്യമില്ലാത്തത് പോലെയാണ് സൽമാന്റെ പ്രകടനം എന്നും ഇങ്ങനെയെങ്കിൽ ചിത്രം മറ്റൊരു ഫ്ലോപ്പ് ആകുമെന്നുമാണ് മറ്റു ചിലരുടെ കമന്റുകൾ. ഗാനത്തിന്റെ എഡിറ്റിനെയും ചിലർ ട്രോളുന്നുണ്ട്. നേരത്തെ പുറത്തുവന്ന സിനിമയുടെ ടീസറിനും കണക്കിന് ട്രോൾ ലഭിച്ചിരുന്നു. പ്രധാനമായും സൽമാൻ ഖാൻ്റെ ഡയലോഗ് ഡെലിവറിക്കും ടീസറിലെ പ്രകടനത്തിനുമാണ് ട്രോളുകൾ ലഭിച്ചത്.

#SalmanKhan can’t even lip-sync properly now. A film like this needs real commitment, and from what we’ve seen so far, it just doesn’t seem to have it. #Maatrubhumi pic.twitter.com/o7x26c4Qez

ഇത്രയും നാളായിട്ടും നടന്റെ ഡയലോഗ് ഡെലിവറിയിൽ മാറ്റമൊന്നും ഇല്ലെന്നും അതേ പതിഞ്ഞ താളത്തിലാണ് പറയുന്നതെന്നും വിമർശനങ്ങൾ ഉണ്ട്. മഞ്ഞുമൂടിയ മലനിരകളും ഒഴുകുന്ന നദിയും ഉൾപ്പെടുന്ന താഴ്‌വരയുടെ ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന്, ആയിരക്കണക്ക് എതിരാളികളെ മരക്കഷ്ണങ്ങളും കല്ലുകളുമായി നേരിടാൻ ഒരുങ്ങി നിൽക്കുന്ന സൈന്യത്തെയും ടീസറിൽ കാണാം. അതിനൊപ്പം ചിത്രത്തിലെ മറ്റു അഭിനേതാക്കൾക്കും ട്രോളുകൾ ലഭിക്കുന്നുണ്ട്. ടീസറിൽ സൽമാന്റെ പിന്നിലായി നിൽക്കുന്ന നടന്മാരുടെ എക്സ്പ്രഷനുകളാണ് ചിരി പടർത്തുന്നത്.

2026 ഏപ്രിൽ 17 നാണ് സിനിമ പുറത്തിറങ്ങുന്നത്. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമ ഖാൻ ആണ് സിനിമ നിർമിക്കുന്നത്. ചിത്രാംഗദ സിംഗ്, സെയ്ൻ ഷാ, അങ്കുർ ഭാട്ടിയ, ഹർഷിൽ ഷാ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കേണൽ ബി സന്തോഷ് ബാബു എന്ന കഥാപാത്രത്തെയാണ് സൽമാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല, സഞ്ജീർ, ഹസീന പാർക്കർ തുടങ്ങിയ സിനിമകൾ ഒരുക്കിയ സംവിധായകൻ ആണ് അപൂർവ്വ ലാഖിയ. ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിലാണ് ചിത്രീകരണം നടക്കുന്നത് അതിനാൽ തന്നെ ശാരീരികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമാണ് സൽമാൻ ഖാൻ കൈകാര്യം ചെയ്യുന്നത്. കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാ​ഗമായി സൽമാൻ ഖാൻ തീവ്രമായ പരിശീലനം നടത്തിയിരുന്നു.

Content Highlights: Salman Khan film Battle Of Galwan new song gets trolled for lip sync issues

To advertise here,contact us