സർവ്വം മായ എന്ന വമ്പൻ വിജയത്തിന് ശേഷം പുറത്തിറങ്ങിയ ചിത്രമാണ് ബേബി ഗേൾ. റിലീസ് ചെയ്ത ഒരു ദിവസം പിന്നിടുമ്പോൾ സിനിമയുടെ കളക്ഷൻ ആണ് ശ്രദ്ധനേടുന്നത്. നിവിൻ പോളി വീണ്ടും ബോക്സ് ഓഫീസിൽ തരംഗമായോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സാക്നിൽക് റിപ്പോർട്ട് അനുസരിച്ച് സിനിമ ആദ്യ ദിനം 75 ലക്ഷമാണ് ഇന്ത്യയിൽ നിന്ന് നേടിയത്. തുടക്കം മന്ദഗതിയിൽ എന്നെങ്കിലും പതിയെ സിനിമ കുതിക്കും എന്നാണ് നിവിൻ ആരാധകർ പറയുന്നത്. 'ബേബി ഗേൾ' ആദ്യ ദിവസം തന്നെ മലയാളത്തിൽ നിന്ന് 21.47% പ്രേക്ഷകരെ നേടി. രാത്രി ഷോകളിൽ കൂടുതൽ പ്രേക്ഷകരെ ഈ സിനിമയ്ക്ക് ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ സിനിമ തിയേറ്ററിൽ ആളെകൂട്ടും എന്നാണ് പ്രതീക്ഷ.
സർവ്വം മായയ്ക്ക് ശേഷം നിവിൻ വീണ്ടും ഹിറ്റടിച്ചെന്നും സിനിമയിൽ മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് അഭിപ്രായങ്ങൾ. ഒരു ഇമോഷണൽ ചിത്രമാണ് ബേബി ഗേൾ എന്നും സിനിമയുടെ ആദ്യ പകുതിയും ഇന്റെർവെല്ലും നന്നായിട്ടുണ്ടെന്നും കമന്റുകളുണ്ട്. ലിജോ മോൾ, സംഗീത് പ്രതാപ് എന്നിവരുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥ മികച്ചുനിൽക്കുന്നു എന്നും ഗരുഡന് ശേഷം അരുൺ വർമ്മ വീണ്ടും കയ്യടി നേടുന്നു എന്നാണ് പ്രേക്ഷകർ സിനിമ കണ്ടതിന് ശേഷം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്.എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ സംഗീതം - സാം.സി എസ് എന്നിവരാണ് ഒരുക്കിയത്.
അതേസമയം, നിവിന്റെ ഒടുവിൽ തിയേറ്ററിൽ എത്തിയ സർവ്വം മായ തിയേറ്ററിൽ നിന്ന് 100 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. സിനിമയുടെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ജനുവരി 30 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ എത്തുന്നത്. സിനിമയ്ക്ക് ഓ ടി ടി യിലും മികച്ച അഭിപ്രായം നേടാൻ ആകുമെന്നാണ് പ്രതീക്ഷ.
Content Highlights: How much did Nivin Pauly's film Baby Girl earn on its first day?