അജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വെങ്കട്ട് പ്രഭു ഒരുക്കിയ സിനിമയാണ് മങ്കാത്ത. ചിത്രത്തിൽ വിനായക് മഹാദേവ് എന്ന വില്ലൻ കഥാപാത്രത്തെയാണ് അജിത് അവതരിപ്പിച്ചത്. റിലീസ് ടൈമിൽ വലിയ വിജയമായ ചിത്രം അജിത്തിന്റെ 50-ാമത്തെ സിനിമ കൂടിയാണ്. ഇപ്പോഴിതാ 14 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും റീ റീലീസ് ചെയ്തിരിക്കുമ്പോഴും അതേ ആവേശമാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം, ആക്ഷൻ ത്രില്ലർ ചിത്രം തമിഴ്നാട് ബോക്സ് ഓഫീസിൽ 3.75 കോടി രൂപയുടെ മികച്ച തുടക്കം നേടി, ഒരു റീ-റിലീസ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് റെക്കോർഡും ഈ ചിത്രത്തിനുണ്ട്. വിജയ് ചിത്രം ഗില്ലിയുടെ റെക്കോർഡ് അജിത് തൂഫാനാക്കിയിരിക്കുകയാണ്. ആദ്യ ദിനം വിജയ് ചിത്രം തമിഴ് നാട്ടിൽ നിന്ന് 3.50 കോടി രൂപയാണ് നേടിയത് ഈ റെക്കോർഡ് ആണ് അജിത് തിരുത്തിയിരിക്കുന്നത്. ആഗോളതലത്തിലും വിജയ്യെ അജിത് സൈഡ് ആക്കിയിട്ടുണ്ട്. 4 കോടിയാണ് ഗില്ലിയുടെ നേട്ടമെങ്കിൽ 4 .1 കോടിയാണ് മങ്കാത്ത ആഗോളതലത്തിൽ നേടിയിരിക്കുന്നത്.
സിനിമയുടെ റീ റിലീസിന് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ സിനിമയുടെ ആദ്യ ഷോയിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ വൈറലാണ്. പല തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമയുടെ പ്രദർശനം ആരംഭിച്ചിരിക്കുന്നത്. റീ റിലീസുകളിലെ റെക്കോർഡുകൾ എല്ലാം മങ്കാത്ത തകർക്കുമെന്നാണ് കണക്കുകൂട്ടൽ. പ്രീ സെയിൽ കളക്ഷനിൽ വിജയ് ചിത്രം ഗില്ലിയുടെ റെക്കോർഡ് മങ്കാത്ത ഇതിനോടകം മറികടന്നു.
പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം, മങ്കാത്ത തമിഴ് നാട്ടിൽ ആദ്യ ദിനത്തിൽ 2.25 കോടി രൂപയിലധികം പ്രീ സെയിൽ നേടിയിട്ടുണ്ട്. ഗില്ലിയുടെ 2.15 ആയിരുന്നു പ്രീ സെയിൽ കളക്ഷൻ എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. തമിഴ് നാട്ടിൽ ഒരു റീ-റിലീസ് ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രീ സെയിൽ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മങ്കാത്ത. ഗില്ലിയുടെ ഫസ്റ്റ് ഡേ കളക്ഷനും മങ്കാത്ത മറികടക്കും എന്നാണ് റിപ്പോട്ടുകളിൽ പറയുന്നത്. 2011 ലാണ് മങ്കാത്ത പുറത്തിറങ്ങുന്നത്. പ്രേംജി, തൃഷ, ആൻഡ്രിയ, അർജുൻ, ലക്ഷ്മി റായ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ ദയാനിധി അഴഗിരി, വിവേക് രത്നവേൽ എന്നിവർ നിർമ്മിച്ച ഈ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയതും വെങ്കട്ട് പ്രഭു ആണ്.
അതേസമയം, ഗുഡ് ബാഡ് അഗ്ലി ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഏപ്രില് പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്. പ്രഭു, അര്ജുന് ദാസ്, പ്രസന്ന, സുനില്, ഉഷ ഉതുപ്പ്, രാഹുല് ദേവ്, റെഡിന് കിംഗ്സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്, ടിന്നു ആനന്ദ്, ഷൈന് ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന് രാമാനുജന് ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര് ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്.
Content Highlights: Mankatha had a strong opening on its first day, outperforming Vijay’s previous hit Gilli. Ajith’s performance and mass appeal contributed to the robust collection. Early reports indicate packed theatres across Tamil Nadu.