സർവം മായയിലൂടെ വമ്പൻ വിജയം നേടിയ നിവിൻ പോളി തന്റെ അടുത്ത ഹിറ്റിനായി തയ്യാറെടുക്കുകയാണ്. നിവിൻ നായകനായി എത്തുന്ന ബേബി ഗേൾ നാളെ തിയേറ്ററുകളിൽ എത്തും. ഒരു ദിവസം നടക്കുന്ന ത്രില്ലറായിട്ടാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത് മുതൽ ബേബി ഗേളിനെ ട്രാഫിക്ക് എന്ന സിനിമയുമായി ബന്ധപ്പെടുത്തി നിരവധി പോസ്റ്റുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടി പറയുകയാണ് നിവിൻ പോളി.
'ഒരേ പാത്തിൽ സഞ്ചരിക്കുന്ന സിനിമയാണ് ട്രാഫിക്കും ബേബി ഗേളും. എന്നാൽ ട്രാഫിക് പോലത്തെ സിനിമയല്ല ഇത്. ട്രാഫിക്കിനെക്കാൾ ഒരു ബിഗ് സ്കെയിൽ സിനിമയാണ് ബേബി ഗേൾ. ട്രാഫിക്കുമായി ഈ സിനിമയെ താരതമ്യപ്പെടുത്താതെ ഇരിക്കുന്നതാണ് നല്ലത്. പക്ഷെ ആ ഒരു മൂഡ് ആകും ഈ സിനിമയും', നിവിന്റെ വാക്കുകൾ.
രാജേഷ് പിള്ള സംവിധാനം ചെയ്തു റഹ്മാൻ, ശ്രീനിവാസൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമ ആണ് ട്രാഫിക്. മലയാള സിനിമയുടെ ഗെയിംചേഞ്ചർ സിനിമയാണ് ട്രാഫിക് എന്നാണ് പലപ്പോഴും വിശേഷിപ്പിക്കാറ്. അതേസമയം, ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ബേബി ഗേളിൽ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന "ബേബി ഗേൾ " മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്.
എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രം. അത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുന്നതിനുള്ള ബോബി സഞ്ജയ് ടീമിന്റെ മികവും പ്രേക്ഷകർക്ക് സുപരിചിതമാണ്.മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്.എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ സംഗീതം - സാം.സി എസ്. കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ,നവീൻ. പി. തോമസ്. ലൈൻ പ്രൊഡ്യൂസർ - അഖിൽ യശോധരൻ. കലാസംവിധാനം - അനീസ് നാടോടി. കോസ്റ്റ്യും - മെൽവി. ജെ.
Content Highlights: Nivin Pauly talks about baby girl's connection with traffic movie