സലീം കുമാർ അന്ന് ബീഡി വലിക്കും, ആദ്യമൊക്കെ ബുദ്ധിമുട്ട്, പക്ഷേ ഞങ്ങൾക്ക് ലാഭമുള്ള കാര്യമായിരുന്നു; നാദിർഷ

സലീം കുമാറിന്റെ ബീഡി വലി അന്ന് പ്രോത്സാഹിപ്പിച്ചതിന് പിന്നിലെ കാരണം തുറന്ന്പറഞ്ഞു നാദിർഷ

1 min read|22 Jan 2026, 01:15 pm

മിമിക്രിയും പാരഡിയുമാണ്‌ ഒരു കലാകാരൻ എന്ന നിലയിൽ തന്നെ വളർത്തിയതെന്ന് നാദിർഷ പലവട്ടം പറഞ്ഞിട്ടുണ്ട്. മിമിക്രി ചെയ്യുന്ന കാലഘട്ടത്തിൽ പരിപാടി കഴിഞ്ഞു തിരിച്ചു വരുന്ന വഴി കൂട്ടുകരേ കളിയാക്കി പാട്ടുണ്ടാകുമായിരുന്നുവെന്നും ഇത് കേട്ട് കലാഭവൻ അബിയാണ് പാരഡി പാട്ടുകൾ സീരിയസ് ആയി ചെയ്ത് കൂടെ എന്ന് പറഞ്ഞതെന്നും നാദിർഷ പറഞ്ഞു. കാസറ്റുകൾ ഉണ്ടാകുന്ന സമയത്ത് സലീം കുമാർ അവിടെ വന്ന് ഇരിക്കുമായിരുന്നുവെന്നും അതിൽ നിന്നുള്ള ഒരു രസകരമായ ഓർമയും പങ്കുവെക്കുകയാണ് നാദിർഷ. സലീം കുമാർ നന്നായി ബീഡി വലിക്കുമായിരുന്നുവെന്നും ആദ്യമൊക്കെ പുകവലി ശല്യമായി തോന്നിയെങ്കിലും പിന്നീട് കൊതുകുതിരി വാങ്ങിക്കേണ്ട പൈസ ലാഭിക്കാനായി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചുവെന്നും നാദിർഷ കൂട്ടിച്ചേർത്തു.

'സലിം കുമാർ ഭയങ്കരമായി ബീഡി വലിക്കും. അപ്പോൾ മാസ് ഹോട്ടലിലാണ് താമസിക്കുന്നത്. എ സി ഒന്നും ഇല്ല, ഏറ്റവും കുറച്ച് പൈസയ്ക്ക് താമസിക്കാൻ പറ്റുന്ന സ്ഥലമാണ്, അന്ന് 75 രൂപയ്ക്ക് ഒരു മാസം താമസിക്കാം. അവിടെ ആണെങ്കിൽ ഭയങ്കര കൊതുക് കടിയാണ്. കാസ്‌റ്റിന്റെ ഡിസ്കഷന് സലീം കുമാർ വന്നിരിക്കും. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായി തോന്നിയെങ്കിലും, ബീഡി വലിക്കുമ്പോൾ കൊതുകുതിരി വാങ്ങിക്കാൻ കാശ് ചിലവാകണ്ടല്ലോ. അത് കാരണം ഇവന്റെ ബീഡി വലി ഞങ്ങൾ പ്രോത്സാഹിപ്പിച്ചു. വലിച്ചോട്ടെ എന്ന് കരുതി. പിന്നെ അതൊരു ശല്യമില്ലാതെ ആയി,' നാദിർഷ പറഞ്ഞു. മാജിക് മഷ്റൂംസ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്' റിലീസിന് തയ്യാറെടുക്കുകയാണ്. 'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ജനുവരി 23 ന് തിയേറ്ററുകളിൽ എത്തും. ആദ്യാവസാനം ഒരു ഫൺ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ് സിനിമയുടെ ട്രെയിലർ സൂചന നൽകിയിട്ടുള്ളത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്‌റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ 'ആരാണേ ആരാണേ…' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 'തലോടി മറയുവതെവിടെ നീ…' എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ഏവരും ഏറ്റെടുത്തിരുന്നു. ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആൻറണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിക്കുന്നത്.

Content Highlights: Director Nadirsha spoke openly about a past incident involving Salim Kumar. He explained why Salim Kumar’s bidi-smoking encouraged in that period.

To advertise here,contact us