ജനനായകൻ വാങ്ങിയത് 120 കോടിയ്ക്ക്, റിലീസ് അനിശ്ചിതത്വം, നിയമ നടപടിയിലേക്ക് കടക്കാൻ ആമസോൺ; റിപ്പോർട്ട്

റീലീസ് തിയതി മാറ്റിവെക്കുന്ന സാഹചര്യത്തിൽ സിനിമയുടെ അവകാശങ്ങൾ വാങ്ങിയ ഒടിടി പ്ലാറ്റ്‌ഫോം നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

മദ്രാസ് ഹൈക്കോടതിയുടെ വിധി കാത്തിരിക്കുകയാണ് വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രം. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയുടെ റീലീസ് എന്നായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. സിനിമയുടെ റീലീസ് തിയതി മാറ്റിവെക്കുന്ന സാഹചര്യത്തിൽ സിനിമയുടെ അവകാശങ്ങൾ വാങ്ങിയ ഒടിടി പ്ലാറ്റ്‌ഫോം നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

സിനിമയുടെ റീലീസ് വൈകുന്നതിന് അനുസരിച്ച് ഒടിടി റിലീസും വൈകും, ചിത്രത്തിന്റെ ഷെഡ്യൂൾ ചെയ്ത സ്ട്രീമിംഗ് വിൻഡോയെ ഇത് ബാധിക്കുമെന്ന് കാണിച്ചാണ് ഒടിടി പ്ലാറ്റ്‌ഫോം നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ജനനായകൻ നിർമാതാക്കളോ ഒ ടി ടി പ്ലാറ്റ്ഫോമോ ഈ വാർത്തകളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും റിലീസ് താത്കാലികമായി തടയുകയുമായിരുന്നു.

പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചിരുന്നു. തുടർന്ന് ഈ ടിക്കറ്റുകൾ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്ക് അനുമതി നൽകുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഈ കാലതാമസം ആണ് ജനനായകൻന്റെ റിലീസ് പ്രതിസന്ധിയിലാക്കിയത്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Content Highlights: The release of the film Jananayagan has reportedly entered a phase of uncertainty. Sources indicate that Amazon is considering legal steps over the issue.

To advertise here,contact us