ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കുന്ന കോമഡി എന്റർടൈനർ ചിത്രമാണ് 'മന ശങ്കര വര പ്രസാദ് ഗാരു'. ഒരിടവേളക്ക് ശേഷം പുറത്തിറങ്ങുന്ന ചിരഞ്ജീവിയുടെ കോമഡി ഴോണർ ചിത്രം കൂടിയാണിത്. വലിയ പ്രതീക്ഷയോടെ തിയേറ്റററിൽ എത്തിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ എല്ലാം തകർക്കുന്ന കാഴ്ച്ചയാണുണ്ടാകുന്നത്. ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കാനായി താരങ്ങൾ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ട് ആണ് ചർച്ചയാകുന്നത്.
തന്റെ മുൻ സിനിമകൾ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെങ്കിലും ചിരഞ്ജീവിയുടെ പ്രതിഫലത്തിന് കുറവൊന്നുമില്ല. ചിത്രത്തിൽ അഭിനയിക്കാനായി 65 കോടിയാണ് നടൻ കൈപ്പറ്റിയത്. സിനിമയിൽ നായികാവേഷത്തിൽ എത്തിയ നയൻതാരയുടെ പ്രതിഫലം ആറ് കോടി രൂപയാണ്. ചിത്രത്തിൽ നടൻ വെങ്കടേഷ് കാമിയോ വേഷത്തിൽ എത്തിയിരുന്നു. വെങ്കടേഷിന്റെയും ചിരഞ്ജീവിയുടെയും സീനുകൾക്ക് വലിയ കയ്യടികളാണ് ലഭിച്ചത്. ചിത്രത്തിൽ അഭിനയിക്കാൻ 9 കോടി ആയിരുന്നു വെങ്കടേഷിന്റെ പ്രതിഫലം. തുടർച്ചയായി വിജയങ്ങളിലൂടെ മുന്നേറുന്ന സംവിധായകനാണ് അനിൽ രവിപുടി. മന ശങ്കര വര പ്രസാദ് ഗാരു ഒരുക്കാനായി 25 കോടിയാണ് സംവിധായകൻ പ്രതിഫലമായി കൈപ്പറ്റിയത്.
അതേസമയം, ചിത്രം ആഗോള ബോക്സ് ഓഫീസിൽ 300 കോടിയിലേക്ക് കുതിക്കുകയാണ്. നിലവിൽ 261 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. ചിരഞ്ജീവിയുടെ കംബാക്ക് ആണ് ചിത്രമെന്നും വളരെകാലത്തിന് ശേഷം നടനെ പക്കാ എനർജിയിൽ കാണാനായി എന്നുമാണ് അഭിപ്രായങ്ങൾ. അനിൽ രവിപുടി പതിവ് പോലെ ഹ്യൂമറും ഫാമിലി ഇമോഷനും കൊണ്ട് സിനിമ വിജയിപ്പിച്ചു എന്നും ചിരഞ്ജീവി കലക്കിയെന്നുമാണ് മറ്റൊരു കമന്റ്. നയന്താര നായികയാവുന്ന ചിത്രത്തില് കാതറിന് ട്രെസയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ ആദ്യ ഗാനം, മീശല പിള്ള യുട്യൂബില് തരംഗം തീര്ത്തിരുന്നു. ഷൈന് സ്ക്രീന്സ്, ഗോള്ഡ് ബോക്സ് എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകളില് സാഹു ഗരപതി, സുഷ്മിത കോനിഡെല എന്നിവരാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. ചിരഞ്ജീവി ആരാധകര് ഒരു വലിയ ബോക്സ് ഓഫീസ് വിജയമാണ് മന ശങ്കര വരപ്രസാദ് ഗാരുവിലൂടെ പ്രതീക്ഷിക്കുന്നത്.
Content Highlights: From Chiranjeevi to Nayanthara Star Salaries of Mana Shankara Vara Prasad Garu Revealed