ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന അതിരടി സിനിമയിലെ പുതിയ സ്റ്റിൽ പുറത്തുവന്നിരിക്കുകയാണ്. ടൊവിനോ തോമസിന്റെ ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രത്തിന്റെ ഒരു ചിത്രമാണ് ബേസിൽ ജോസഫും മറ്റ് അണിയറ പ്രവർത്തകരും പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു. ഇപ്പോൾ വീണയുമായി ഇരിക്കുന്ന ശ്രീക്കുട്ടനെയാണ് ബേസിൽ കാണിച്ചുതന്നിരിക്കുന്നത്. ഒപ്പം കഥാപാത്രത്തിന്റെ അഡ്രസും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ശ്രീക്കുട്ടൻ വെള്ളായണി,നടുവിളാകത്ത് പുത്തൻവീട്, വിവേകാനന്ദ നഗർ, വെള്ളായണി, TC 55/2250,തിരുവനന്തപുരം, Pincode : 695522' എന്നാണ് പോസ്റ്റിലുള്ളത്. അഡ്രസൊക്കെ ഇങ്ങനെ തന്നാൽ ഇനി ശ്രീക്കുട്ടനെ തേടി കത്തുകളുടെ വരവായിരിക്കുമല്ലോ എന്നാണ് പലരും കമന്റുകളിൽ പറയുന്നത്.
ഫസ്റ്റ് ലുക്കിലും ഈ ചിത്രത്തിലുമെല്ലാം സാധുവായ ഒരു പാട്ടുകാരനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത് എന്ന സൂചനയാണ് ഉള്ളത്. ഇതിന് പിന്നാലെ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റിൽ കാണിച്ച മാസ് പരിവേഷവും ഇതും ചേരുന്നില്ലല്ലോ എന്ന ചോദ്യവുമായി ചിലർ എത്തുന്നുണ്ട്. ആ വീഡിയോയിൽ കാട്ടുതീ എന്നായിരുന്നു വിനീതിന്റെ കഥാപാത്രം ടൊവിനോയുടെ കഥാപാത്രത്തെ വിശേഷിപ്പിച്ചിരുന്നത്.
ഈ പാവം പാട്ടുകാരനെയാണോ വിനീതേട്ടാ നിങ്ങൾ കാട്ടുതീ എന്നൊക്കെ പറഞ്ഞത് എന്നാണ് പലരും ചോദിക്കുന്നത്. ടൈറ്റിൽ അനൗൺസ്മെന്റിൽ ക്ഷേത്രോത്സവത്തിന്റെ നടുക്ക് മാസ് ലുക്കിൽ മുണ്ട് മടക്കി കുത്തി മീശ പിരിച്ച് നിൽക്കുന്ന ടൊവിനോയാണ് ഉണ്ടായിരുന്നത്. വീഡിയോയിൽ ഉള്ളതാണോ അതോ പോസ്റ്ററിലുള്ളതാണോ ശരിക്കുള്ള കഥാപാത്രം എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.
അതിരടിയിലെ ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തു വന്നിരുന്നു. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ ഈ ചിത്രത്തിലഭിനയിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിൽ ഗംഭീര മേക്കോവറിലാണ് ബേസിൽ സിനിമയിലെത്തുന്നത്. ബേസിൽ ആദ്യമായി നിർമാതാവാകുന്ന ചിത്രം കൂടിയാണ് അതിരടി.
ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. മെയ് 14നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ഛായാഗ്രഹണം - സാമുവൽ ഹെന്റി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആന്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ - ഐഡൻചാർട്ട്സ്, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പേപ്പർ, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ
Content Highlights: New poster of Tovino from Athiradi movie is out. Fans are doubtful about Vineeth sreenivsan's intro of the character in the title announcement video. The video showed a mass avatar but the posters are presenting Tovino as a docile singer