ബുദ്ധിമാനായ ശ്രീനിവാസൻ വരെ തട്ടിപ്പിനിരയായി 5 ലക്ഷം കളഞ്ഞു; കഥ ഓർത്തെടുത്ത് കെ ബി ഗണേഷ് കുമാർ

വരവേൽപ്പ് എഴുതിയ, ഇതെല്ലാം സന്ദേശം എഴുതിയ, ഇതെല്ലാമെഴുതിയ ശ്രീനിവാസനെയാണ് പറ്റിച്ചത്. വളരെ വലിയ ജീനിയസാണ് എന്ന് നമ്മൾ പറയുമ്പോഴും ഇങ്ങനെയൊരു മലയാളി, വിസയ്ക്ക് അഞ്ച് ലക്ഷം രൂപ കൊടുത്ത മലയാളി അദ്ദേഹത്തിന്റെ ഉള്ളിൽ കിടപ്പുണ്ട്.

ശ്രീനിവാസൻ വിടവാങ്ങിയതിന്റെ വേദനയിലാണ് ഇപ്പോഴും സിനിമാലോകം. നടനും എഴുത്തുകാരനും സംവിധായകനുമായി മലയാള സിനിമയുടെ നെടുംതൂണായി നിന്നിരുന്ന ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ശ്രീനിവാസനെ ഒരാൾ പറ്റിച്ച കഥ ഓർത്തെടുക്കുകയാണ് നടനും ഗതാഗതവകുപ്പ് മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാർ. ശ്രീനിവാസൻ തട്ടിപ്പിനിരയായി അഞ്ച് ലക്ഷം രൂപയാണ് നഷ്ടപ്പെടുത്തിയത്. അത്രയും ബുദ്ധിമായ അദ്ദേഹം പോലും കബളിക്കപ്പെട്ടുവെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'സന്മനസുള്ള ശ്രീനി' എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

'മോഹൻ (ശ്രീനിവാസന്റെ അളിയൻ) സംവിധായകനാകുന്നതിന് മുമ്പാണ്. എങ്ങനെയെങ്കിലും അളിയനെ ഒന്ന് രക്ഷിച്ചുവിടണം എന്നുപറഞ്ഞ് നിൽക്കുകയാണ്. അപ്പോഴാണ് മദ്രാസിൽ വെച്ച് അടൂർ പങ്കജം ചേച്ചിയുടെ മകൻ ഒരു കണ്ടുപിടിത്തവുമായി വരുന്നത്. ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി മാവേലിക്കരക്കാരൻ ഒരു നായരാണ് എന്ന്. ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി വിചാരിച്ചാൽ മോഹനെ അങ്ങ് ബ്രൂണെയിൽ കൊണ്ടുപോയി അവിടുത്തെ രാജാവിന്റെ സ്റ്റാഫിൽ കയറ്റാം! ശ്രീനിയേട്ടൻ നോക്കിയപ്പൊ, മോഹന്റെ ജീവിതം അങ്ങ് രക്ഷപ്പെടും.

മോഹനെ പതുക്കെയങ്ങ് കയറ്റിവിടാം. അങ്ങനെ അഞ്ച് ലക്ഷം രൂപ ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ നായർക്ക് കൊടുക്കാൻ വേണ്ടി ഏൽപ്പിച്ചു. അങ്ങനെ പൈസ കളഞ്ഞയാളാണ് ശ്രീനിവാസൻ. വരവേൽപ്പ് എഴുതിയ, ഇതെല്ലാം സന്ദേശം എഴുതിയ, ഇതെല്ലാമെഴുതിയ ശ്രീനിവാസനെയാണ് പറ്റിച്ചത്. വളരെ വലിയ ജീനിയസാണ് എന്ന് നമ്മൾ പറയുമ്പോഴും ഇങ്ങനെയൊരു മലയാളി, വിസയ്ക്ക് അഞ്ച് ലക്ഷം രൂപ കൊടുത്ത മലയാളി അദ്ദേഹത്തിന്റെ ഉള്ളിൽ കിടപ്പുണ്ട്.

അദ്ദേഹം തന്നെയാണ് 'ഇങ്ങനെയൊരു മണ്ടത്തരം പറ്റിയെടാ' എന്ന് എന്നോട് പറഞ്ഞത്. അങ്ങനെയൊരു ശ്രീനിവാസനും ഉണ്ട് എന്നുകൂടി നമ്മൾ മനസിലാക്കണം. എത്ര വലിയ ബുദ്ധിമാനാണ്, ജീനിയസാണ് എന്ന് പറഞ്ഞാലും അതിന്റെ സൈഡിൽ നമ്മളെ പറ്റിക്കാൻ പറ്റുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അദ്ദേഹത്തേയും പറ്റിച്ചു,' കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

Content Highlights: KB Ganesh Kumar recalled a time when even the intelligent actor sreenivasan was cheated and lost 5 lakhs. The incident highlights how even experienced individuals can fall victim to fraud. Ganesh Kumar shared the story to emphasize the seriousness of such deceitful acts.

To advertise here,contact us