മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ സിനിമയാണ് ഭ്രമയുഗം. ഒരു ഹൊറർ ചിത്രമായി ഒരുങ്ങിയ സിനിമയിൽ അർജുൻ അശോകനും ഒരു പ്രധാന റോളിൽ എത്തിയിരുന്നു. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു. ബ്ലാക് ആൻഡ് വൈറ്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ കൂടിയാണിത്. സിനിമയിലെ മമ്മൂട്ടിയുടേയും അർജുൻ അശോകന്റെയും പ്രകടനങ്ങൾ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തന്റെ പ്രകടനത്തെക്കുറിച്ച് ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകളെക്കുറിച്ച് മനസുതുറക്കുകയാണ് അർജുൻ അശോകൻ.
'ഭ്രമയുഗം കണ്ടിട്ട് അച്ഛൻ പറഞ്ഞത്, നീ ഇതുവരെ അഭിനയിച്ചതിൽ ഏറ്റവും നന്നായി ചെയ്ത വേഷം എന്നാണ്. കഥാപാത്രത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും സംസാരിച്ചു. അച്ഛനിൽ നിന്ന് അത്തരം വാക്കുകൾ കേൾക്കുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. സാധാരണനിലയിൽ കുഴപ്പമില്ല, നന്നായിട്ടുണ്ടെടാ…എന്നൊക്കെ പറഞ്ഞ് അവസാനിപ്പിക്കാറാണ് പതിവ്. ഭ്രമയുഗത്തിലെ കഥാപാത്രത്തെക്കുറിച്ച് കൂടുതലായി സംസാരിച്ചപ്പോൾ ആ വേഷം അച്ഛന് ഇഷ്ടപ്പെട്ടതായി മനസ്സിലായി', അർജുൻ അശോകന്റെ വാക്കുകൾ.
ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന പ്രകടനത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. അതേസമയം, ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ഭ്രമയുഗം. ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലാണ് ഭ്രമയുഗം പ്രദർശിപ്പിക്കുക. മിഡ്സോമ്മർ, ഹാക്സൻ, ലാ ല്ലോറോണ, ദി വിച്ച്, വിയ്, യു വോണ്ട് ബി എലോൺ, അണ്ടർ ദി ഷാഡോ, ദി വിക്കർ മാൻ, ഹിസ് ഹൗസ്, ഒനിബാബ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റ് സിനിമകൾ. 2026 ഫെബ്രുവരി 12നാണ് പ്രദർശനം. സ്ക്രീനിംഗ് ചെയ്യുന്ന എല്ലാ സിനിമകളും കോർത്തിണക്കിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ഭ്രമയുഗത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
Content Highlights: My father apprecited me a lot after watching my performance in Bramayugam says Arjun Ashokan