ധര്‍മേന്ദ്രയുടെ വിയോഗത്തിന് പിന്നാലെ മക്കളുമായി അടിച്ചുപിരിഞ്ഞോ?, അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ഹേമമാലിനി

ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യയിലെ മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും ഹേമമാലിനിയും തമ്മില്‍ വലിയ തര്‍ക്കത്തിലാണ് എന്നായിരുന്നു ചില അഭ്യൂഹങ്ങള്‍

നടന്‍ ധര്‍മേന്ദ്രയുടെ വിയോഗത്തിന് അദ്ദേഹത്തിന്റെ കുടുംബത്തിലെ ചില പടലപിണക്കങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ബോളിവുഡില്‍ സജീവമായിരിക്കുകയാണ്. ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യയിലെ മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളുമായി ഹേമമാലിനിക്ക് ചില വിയോജിപ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ധര്‍മേന്ദ്ര വിട വാങ്ങിയതോടെ അവ കൂടുതല്‍ ശക്തമായെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നവംബര്‍ 24ന് അന്തരിച്ച ധര്‍മേന്ദ്രയെ അനുസ്മരിച്ചുകൊണ്ട് ഹേമമാലിനിയും സണ്ണി-ബോബിയും വ്യത്യസ്തമായ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നവംബര്‍ 28ന് ആദ്യ ഭാര്യ പ്രകാശ് കൗറും മക്കളായ സണ്ണിയും ബോബിയും ചേര്‍ന്ന് ധര്‍മേന്ദ്രയ്ക്കായി ഒരു പ്രാര്‍ത്ഥനാ ചടങ്ങ് മുംബൈയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡ് ഹോട്ടലില്‍ വെച്ച് നടത്തിയിരുന്നു.

ഈ ചടങ്ങില്‍ ധര്‍മേന്ദ്രയുടെ രണ്ടാം ഭാര്യയായ ഹേമാമാലിനിയും മക്കളായ ഇഷയും അഹാനയും പങ്കെടുത്തിരുന്നില്ല. കാരണം അതേ ദിവസം മുംബൈയിലെ ഇവരുടെ വസതിയില്‍ വെച്ച് ഹേമമാലിനി മറ്റൊരു പ്രാര്‍ത്ഥന ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ഇതോടെ ധര്‍മേന്ദ്രയുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്കാണോ എന്ന ചോദ്യങ്ങളുയര്‍ന്നു.

ബോളിവുഡിലെ ചിലരും ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്തു വരാന്‍ തുടങ്ങിയതോടെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂടുപിടിച്ചു. ദല്‍ഹിയില്‍ രാഷ്ട്രീയ രംഗത്തെ സഹപ്രവര്‍ത്തകര്‍ക്കായും ധര്‍മേന്ദ്ര എം പിയായിരുന്ന മഥുരയിലും ഹേമമാലിനി പിന്നീടും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ഇവയിലൊന്നും പ്രകാശ് കൗറോ മക്കളോ പങ്കെടുത്തിരുന്നില്ല.

ദല്‍ഹിയില്‍ രാഷ്ട്രീയ രംഗത്തെ സഹപ്രവര്‍ത്തകര്‍ക്കായും മഥുരയില്‍ ധര്‍മേന്ദ്രയെ ഏറെ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ക്കായുമാണ് അനുസ്മരണ ചടങ്ങ് നടത്തിയതെന്നാണ് ഇതേ കുറിച്ച് ഹേമമാലിനി പറഞ്ഞത്.

ഇപ്പോള്‍ സണ്ണി-ബോബിയുമായി സ്വരചേര്‍ച്ചയില്‍ അല്ലെന്ന അഭ്യൂഹങ്ങളോടും ഹേമമാലിനി പ്രതികരിച്ചിരിക്കുകയാണ്. ഗോസിപ്പ് ഇഷ്ടപ്പെടുന്ന ആളുകള്‍ ചമയ്ക്കുന്ന വെറും കെട്ടുകഥകള്‍ മാത്രമാണ് ഇവ എന്നാണ് ഹേമമാലിനി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

'ഞങ്ങള്‍ തമ്മില്‍ എക്കാലവും ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നത്. ഇന്നും അങ്ങനെയാണ്. ഞങ്ങള്‍ തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ആളുകള്‍ എന്തിനാണ് ആലോചിച്ച് പറഞ്ഞുണ്ടാക്കുന്നതെന്ന് മനസിലാകുന്നില്ല. അവര്‍ക്ക് ഗോസിപ്പ് വേണ്ടതു കൊണ്ടാകും. ഞാന്‍ വെറുതെ എന്തിനാണ് ഇതിനൊക്കെ മറുപടി നല്‍കാന്‍ പോകുന്നത്. അവര്‍ക്കൊക്കെ വിശദീകരണം നല്‍കേണ്ട് എന്ത് ബാധ്യതയാണുള്ളത്? ഇത് എന്റെ ജീവിതമാണ്, എന്റെയും ഞങ്ങളുടെയും പേഴ്‌സണ്‍ ലൈഫാണ്. അജീവിതമാണ്. ഞങ്ങള്‍ നല്ല സന്തോഷത്തിലും സമാധാനത്തിലും ഐക്യത്തിലുമാണ് കഴിഞ്ഞുപോകുന്നത്,' ഹേമമാലിനി പറഞ്ഞു.

അതേസമയം, കുടുംബ തര്‍ക്കങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങളോട് സണ്ണി ഡിയോളോ ബോബി ഡിയോളോ മറ്റ് കുടുംബാംഗങ്ങളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Content Highlights: Hemamalini responds to reports about her rift with Sunny Deol and Bobby Deol after Dharmendra's death

To advertise here,contact us