

സിനിമയേക്കാൾ നൃത്തവേദികളിലാണ് നടി നവ്യ നായർ ഇപ്പോൾ സജീവം. മാതംഗി എന്ന ഡാൻസ് സ്കൂളും നവ്യ നടത്തുന്നുണ്ട്. ഇപ്പോഴിതാ മത്സരങ്ങൾക്കായി താൻ നൃത്തം പഠിപ്പിക്കാറില്ലെന്ന് പറയുകയാണ് നവ്യ. കലോത്സവ വേദികളിൽ വർണം കുട്ടികൾ പത്ത് മിനിറ്റിൽ അവതരിക്കുമ്പോൾ അന്യ സംസ്ഥാനത്തെ കലാകാരൻമാർ പുച്ഛത്തോടെയാണ് കാണുന്നതെന്നും നടി പറഞ്ഞു. സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചാണ് പ്രതികരണം.
'ഇവിടെ മത്സരങ്ങൾക്ക് വേണ്ടി പഠിപ്പിക്കാറില്ല. കോംപറ്റീഷൻസിൽ കൂടെ എത്തിയ ആളാണല്ലോ ഞാൻ എന്ന് എല്ലാവരും വിചാരിക്കുന്നുണ്ടാകും. എന്റെ കരയുന്ന വീഡിയോ കാണാത്ത ആരുമുണ്ടാകില്ല. പക്ഷേ ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മൾ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്. ഇതൊരു കലയാണ്. ഈ കല പഠിക്കുന്നതിൽ മത്സരത്തിന്റെ ആവശ്യമില്ല. ഇവിടെ മത്സരത്തിന് വർണം 10 മിനിറ്റാണ് കളിക്കുന്നത്. വർണമൊക്കെ 20 , 25 മിനിറ്റ് കളിക്കേണ്ട ഒരു വലിയ ഐറ്റം ആണ്. വർണമൊക്കെ മത്സരത്തിന് ക്യാപ്സൂൾ പോലെയാക്കി അവതരിപ്പിക്കുന്നത് അന്യ സംസ്ഥാനത്തെ കലാകാരൻമാർ പുച്ഛത്തോടെയാണ് കാണുന്നത്. അപ്പോഴും മലയാളി കുട്ടികളുടെ കഴിവും പെട്ടെന്ന് പഠിച്ചെടുക്കാനുള്ള മിടുക്കുള്ളവരാണെന്ന് പറഞ്ഞ് ഞാൻ സംസാരിക്കാറുണ്ട്.

എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഇത്തരത്തിലുള്ള മത്സരമൊന്നും ജീവിതത്തിൽ നമ്മളെ എവിടെയും എത്തിക്കില്ല. ജീവിതത്തിലെ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ നമ്മളെയിത് വല്ലാതെ ഹിറ്റ് ചെയ്ത് തളർത്തിക്കളയാനായിരിക്കും ചിലപ്പോൾ അതിന് സാധിക്കുക. ഒരു കലാരൂപം പഠിക്കുന്നത് മത്സരിക്കാനല്ല. ജീവിതത്തിൽ നമ്മൾ ഒരൊറ്റ മനുഷ്യനോടെ മത്സരിക്കാൻ പാടുള്ളൂ. അത് നമ്മളോട് തന്നെയാണ്. ഇന്നലത്തെ നമ്മളേക്കാൾ എത്ര മികച്ചതാണ് നാളത്തെ നമ്മൾ എന്നതിൽ മാത്രമേ മത്സരത്തിന്റെ ആവശ്യമുള്ളൂ. ഒരിക്കലും മത്സരിക്കാൻ പോകരുത്. ഞാൻ മത്സരങ്ങൾക്ക് പഠിപ്പിക്കുന്നുമില്ല, കാരണം ഞാനതിൽ വിശ്വസിക്കുന്നില്ല. ഒരു മത്സരത്തിന്റെ ഇരയാണ് ഞാൻ. മറ്റാെരു കുട്ടിയും അതിലേക്ക് പോകാൻ താനാഗ്രഹിക്കുന്നില്ല,' നവ്യ നായർ പറഞ്ഞു.
നവ്യ നായർ 2001 ലെ സംസ്ഥാന സ്കൂൾ കലോത്സവ പരിപാടിയിൽ തനിക്ക് കിട്ടിയ ഗ്രേഡിന്റെ പേരിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത് വലിയ വാർത്തയായിരുന്നു. അമ്പിളി ദേവിയാണ് ആ വർഷം കലാതിലകമായത്. ഇതിനെതിരെ നവ്യ അന്ന് സംസാരിച്ചു. എന്നാൽ അന്നത്തെ പ്രതികരണം പ്രായത്തിന്റെ പക്വതയില്ലായ്മയായിരുന്നെന്ന് നവ്യ പിന്നീട് പറഞ്ഞു. അതൊരു പതിനഞ്ചുകാരിയുടെ പക്വതക്കുറവായിരുന്നു. എന്റെ കണ്ണ് നിറയാൻ പാടില്ലായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. സത്യത്തിൽ ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് താനന്ന് അങ്ങനെ പറഞ്ഞതെന്ന് നവ്യ പിന്നീട് പറഞ്ഞു.
Content Highlights: Actress and classical dancer Navya Nair has clarified that she does not train children for dance competitions. She stated that her focus is on teaching dance as an art form, stressing discipline, expression, and cultural values rather than competitive performance.