വിക്രമന്റെ സംവിധനത്തിൽ സൂര്യ, സ്നേഹ, ലൈല എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് ഉന്നൈ നിനൈത്ത്, മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വിജയമായിരുന്നു. എന്നാൽ ചിത്രത്തിൽ ആദ്യം നായകനാകേണ്ടി ഇരുന്നത് സാക്ഷാൽ വിജയ് ആയിരുന്നു. തുടർന്ന് ചില കാരണങ്ങളാൽ വിജയ് സിനിമയിൽ നിന്ന് പിന്മാറുകയും അത് സൂര്യയിലേക്ക് എത്തുകയും ചെയ്തു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം സിനിമയിൽ വിജയ് അഭിനയിച്ച ഒരു ഗാനരംഗം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ വിക്രമൻ.
'എന്നൈ താലാട്ടും സംഗീതം' എന്ന ഹിറ്റ് ഗാനത്തിന്റെ വിജയ് വേർഷൻ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലൈല ആണ് വിജയ്ക്കൊപ്പം ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു മിനിട്ടോളമുള്ള ഫൂട്ടേജ് ആണ് സംവിധായകൻ പുറത്തുവിട്ടത്. വിജയ്യെ വെച്ച് രണ്ട് ഗാനങ്ങൾ സിനിമയ്ക്കായി ചിത്രീകരിച്ചിരുന്നെന്നും അതിന് ശേഷമാണ് ചിത്രം സൂര്യയിലേക്ക് എത്തിയതെന്നും സംവിധായകൻ പറയുന്നു. വലിയ വരവേൽപ്പാണ് ഈ വിജയ് വേർഷന് സിനിമാപ്രേമികൾക്കിടയിൽ നിന്നും ലഭിക്കുന്നത്. വിജയ് ഗംഭീരമാക്കിയിട്ടുണ്ടെന്നും ചിത്രം നടന് വലിയ വിജയം സമ്മാനിച്ചേനെ എന്നാണ് കമന്റുകൾ. നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഇത് പങ്കുവെക്കുന്നുണ്ട്.
സൂര്യയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയാണ് ഉന്നൈ നിനൈത്ത്. രമേഷ് ഖന്ന, ചാർളി, ആർ.സുന്ദർരാജൻ, റാംജി എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. അതേസമയം, വിജയ്യുടെ അവസാനചിത്രം ജനനായകൻ ജനുവരി 9 ന് റിലീസിനൊരുങ്ങുകയാണ്. വിജയ്ക്കൊപ്പം പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.
Wow… Unseen❤️Vijay - Laila from #UnnaiNinaithu.Thanks for sharing this Vikraman🙏 pic.twitter.com/hf9mOQbqW0
എന്നാൽ സിനിമയുടെ റിലീസ് പ്രതിസന്ധിയിൽ തുടരുകയാണ്. സിനിമയ്ക്ക് ഇതുവരെ സെൻസർ ബോർഡിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചിട്ടില്ല. റിലീസിന് 3 നാൾ മാത്രം ബാക്കിയാണുള്ളത്. ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല. സർട്ടിഫിക്കറ്റ് നൽകുന്നതിന് മനപ്പൂർവം കാലതാമസം വരുത്തുകയാണെന്ന് തമിഴക വെട്രി കഴകം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സിടിആർ നിർമൽ കുമാർ ആരോപിച്ചു.
Content Highlights: Vijay was supposed to play lead role in unnai ninaithu before suriya