സല്ലാപം സിനിമയുടെ സെറ്റിൽ വെച്ച് മഞ്ജു വാര്യർക്കൊപ്പം ഫോട്ടാേ എടുത്തതിന്റെ അനുഭവം പങ്കിടുകയാണ് സംവിധായകനും നടനുമായ എം ബി പത്മകുമാർ. ഒരു സാമദ്രോഹി കാരണം മഞ്ജുവാര്യറുമായുള്ള തന്റെ 'കപ്പിൾ ഫോട്ടോ' സ്വപ്നം പൊലിഞ്ഞുവെന്നും എ ഐയിൽ ഫോട്ടോ ചേഞ്ച് ചെയ്യാൻ നോക്കിയപ്പോഴും സാധിച്ചില്ലെന്നും പത്മകുമാർ എഴുതി. 30 വർഷം മുമ്പത്തെ ഓർമ്മകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. മഞ്ജു വാര്യരും ഞാനും പിന്നെ ആ 'എത്തിനോട്ടക്കാരനും', ഒരു 1996 എഡിഷൻ ട്രാജഡി! എന്നാണ് കുറിപ്പിന് അദ്ദേഹം തലക്കെട്ട് കൊടുത്തിരിക്കുന്നത്.
എം ബി പത്മകുമാർ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം:
'കാലം 'സല്ലാപം' സിനിമയ്ക്ക് ശേഷം മഞ്ജു വാര്യർ കേരളത്തിന്റെ മനം കവർന്നു നിൽക്കുന്ന സമയം. അന്ന് ഇന്നത്തെപ്പോലെ ചാനൽ യുദ്ധങ്ങളൊന്നുമില്ല. ആകെയുള്ളത് ദൂരദർശനും, എഷ്യാനെറ്റും പിന്നെ ഞങ്ങളുടെ നാട്ടിലെ 'കേബിൾ അച്ചായൻ' എന്നറിയപ്പെടുന്ന ജിജോയുടെ അച്ഛന്റെ കേബിൾ ടിവിയും മാത്രം. കയ്യിൽ വലിയ അറിവൊന്നുമില്ലെങ്കിലും, ചെറുപ്പത്തിന്റെ ആ ഒരു ആത്മവിശ്വാസമുണ്ടല്ലോ, എന്തും ചെയ്യാം എന്നൊരു തോന്നൽ. അങ്ങനെയാണ് ഞങ്ങൾ കേബിൾ ടിവിക്ക് വേണ്ടി ഒരു 'വീക്ക്ലി പ്രോഗ്രാം' പ്ലാൻ ചെയ്യുന്നത്. പേര് 'ഷോകേസ്'. ഞാനാണ് ഡയറക്ഷനും എഡിറ്റിംഗും വോയ്സ് ഓവറും എല്ലാം. സ്ക്രിപ്റ്റ് ഗിരീഷ് വർമ്മ, ക്യാമറ കൈകാര്യം ചെയ്യുന്നത് ഓമനക്കുട്ടൻ, നിർമ്മാണം അജിത്തിന്റെ സഹോദരൻ, രവിയുടെ വീടാണ് സ്റ്റുഡിയോ. എഡിറ്റിംഗ് വിഎച്ച്എസ് ടേപ്പിലാണ് എന്ന് കൂടി ഓർക്കണം.
അങ്ങനെയിരിക്കെയാണ് ആ വാർത്ത കാട്ടുതീ പോലെ പടർന്നത്, അടുത്ത് എവിടെയോ മഞ്ജു വാര്യരുടെ ഷൂട്ടിംഗ് നടക്കുന്നു. ദൂരദർശനിൽ പരിപാടി ചെയ്യുന്നവന്റെ ഗമയോടെ ഞാൻ നേരെ ലൊക്കേഷനിലേക്ക് വിട്ടു. അവിടെ ചെന്ന് കലാഭവൻ മണി, മനോജ് കെ. ജയൻ, സാക്ഷാൽ മഞ്ജു വാര്യർ എന്നിവരുമായി സംസാരിച്ചു. (മനസ്സിൽ വലിയൊരു ചമ്മൽ ഉണ്ടായിരുന്നു, പക്ഷെ പുറത്ത് കാണിച്ചില്ല). അതൊക്കെ ഓമനക്കുട്ടൻ ക്യാമറയിൽ പകർത്തുന്നുണ്ട്. പക്ഷെ യഥാർത്ഥ ട്രാജഡി തുടങ്ങുന്നത് അവിടെയല്ല. ഷൂട്ടിംഗ് തിരക്കിനിടയിൽ മഞ്ജു വാര്യരുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ അവസരം കിട്ടി. കൂടെയുണ്ടായിരുന്ന കൊച്ചുമോൻ ക്യാമറ എടുത്തു. ചെറിയൊരു അകലം ഞങ്ങൾക്കിടയിൽ എങ്ങനെയോ വന്നു. പ്രണയലേഖനത്തിന് മറുപടി കാത്തിരിക്കുന്നത് പോലെയായിരുന്നു ആ ഫോട്ടോ പ്രിന്റ് ചെയ്തു കിട്ടാനുള്ള കാത്തിരിപ്പ്. ഫോട്ടോ കിട്ടിയാൽ അത് വലുതാക്കി ഫ്രെയിം ചെയ്ത് നാട്ടുകാരെ കാണിച്ച് ഷൈൻ ചെയ്യണം എന്നതായിരുന്നു പ്ലാൻ.
ഒടുവിൽ ഫോട്ടോ കിട്ടി. ഞാൻ നോക്കുമ്പോൾ… മഞ്ജു വാര്യർ അതിമനോഹരിയായി നിൽക്കുന്നു. എന്റെ മുഖത്ത്, അനുവാദം ചോദിക്കാതെ വന്ന ആ 'ചമ്മൽ' ഒളിഞ്ഞ് കിടപ്പുണ്ട്. എന്നാലും സാരമില്ല, അത്രയ്ക്ക് മോശമല്ല. പക്ഷെ ഞങ്ങൾക്കിടയിൽ വന്ന ആ ചെറിയ ഗ്യാപ്പ്… ആ ഗ്യാപ്പിലൂടെ ഒരു വാലുമാക്രിയെപ്പോലെ ദാ എത്തിനോക്കുന്നു എന്റെ പ്രിയ സുഹൃത്ത് മഹേഷ്! അതാണ് ടൈമിങ്! കൊച്ചുമോൻ ക്ലിക്ക് ചെയ്യുന്നതിന് തൊട്ടുമുമ്പ് തലയിട്ട ആ സാമദ്രോഹി കാരണം എന്റെ 'കപ്പിൾ ഫോട്ടോ' സ്വപ്നം പൊലിഞ്ഞു. ഞാൻ ചോദിച്ചപ്പോൾ മഹേഷ് പറഞ്ഞത്, "വെറുതെ എന്തിനാ ഒരകലം? അത് ഞാൻ അങ്ങ് ഫില്ല് ചെയ്തതാ" എന്ന്! ഫില്ല് ചെയ്യാൻ മഹേഷിന് വേറെ ഒരിടവും കിട്ടിയില്ലേ! പോട്ടെ, എങ്കിലും ഞാൻ ആ ഫോട്ടോ സൂക്ഷിച്ചു വെച്ചു. എന്നെങ്കിലും ടെക്നോളജി വളരുമ്പോൾ മഹേഷിനെ അതിൽ നിന്ന് വെട്ടിമാറ്റാമല്ലോ എന്ന് കരുതി.
30 വർഷങ്ങൾ കഴിഞ്ഞു. ടെക്നോളജി വളർന്നു. 2026-ൽ എത്തിനിൽക്കുമ്പോൾ ഞാൻ പഴയ ആൽബം പൊടിതട്ടിയെടുത്തു. ആ ഫോട്ടോ വീണ്ടും കയ്യിലെടുത്തു. വിധി അപ്പോഴും എനിക്കെതിരായിരുന്നു. കാലപ്പഴക്കം കൊണ്ട് ഫോട്ടോയുടെ പകുതി ദ്രവിച്ചു പോയിരിക്കുന്നു. മഞ്ജു വാര്യരുടെ മുഖം ക്ലിയറാണ്, പക്ഷെ ശരീരം മാഞ്ഞുപോയി. എന്റെയാണെങ്കിൽ ഒരു കൈ മാത്രം ബാക്കി, മുഖം മുഴുവൻ പോയി!പക്ഷെ… ആ ഗ്യാപ്പിലൂടെ എത്തിനോക്കിയ മഹേഷ് മാത്രം ഒരു പോറലുമേൽക്കാതെ അവിടെത്തന്നെയുണ്ട്! വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. AI-യുടെ സഹായത്തോടെ ഫോട്ടോ റീസ്റ്റോർ ചെയ്യാൻ തീരുമാനിച്ചു. എന്റെ പഴയ മുഖവും വിവരങ്ങളും എല്ലാം കൊടുത്തു. ഫലം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. മഞ്ജു വാര്യരെ ചുരിദാർ മാറ്റി സാറിയുടുപ്പിച്ച് പഴയതിലും സുന്ദരിയാക്കി. മഹേഷും ക്ലിയർ. പക്ഷെ ഞാൻ… ഞാൻ മാത്രം ഞാനല്ലാതായി! എന്റെ പൂർവ്വജന്മത്തിലെ ഏതോ മുഖം പോലെ അപരിചിതമായ ഒരാൾ.
അവിടെയാണ് എനിക്ക് ആ വലിയ സത്യം മനസ്സിലായത്. 1996-ൽ ദ്രവിച്ചുപോയ ഒരു ഫോട്ടോ നന്നാക്കാൻ ഇനിയും സമയം കളയുന്നതിൽ അർത്ഥമില്ല. മറിച്ച്, 2026-ൽ പുതിയ ചിത്രം നിർമ്മിക്കുകയാണ് വേണ്ടത്. ആ ചിത്രത്തിന് കാലം തൊട്ടാൽ പോലും കേടുവരാത്തത്ര ഉറപ്പുണ്ടായിരിക്കണം. പിന്നെ മഹേഷിന്റെ കാര്യം… ജീവിതത്തിൽ ചിലർ അങ്ങനെയാണ്. ഒന്നും ചെയ്യാതെ വെറുതെ പുറകിൽ നിന്ന്'എത്തിനോക്കുന്നവർ' പോലും ചിലപ്പോൾ ചരിത്രത്തിൽ അവശേഷിക്കും. പക്ഷെ മുന്നിൽ നിന്ന് നയിക്കുന്നവർ സ്വയം അടയാളപ്പെടുത്തിയില്ലെങ്കിൽ, അവർ വെറും അജ്ഞാതരായി കാലത്തിന് മാഞ്ഞുപോകും. പഴയ ഫോട്ടോയിലെ മുഖം പോയാലും സാരമില്ല, പുതിയ ചരിത്രം നമുക്ക് എഴുതാനുണ്ടല്ലോ!', എം ബി പത്മകുമാർ പറഞ്ഞു.
Content Highlights: Filmmaker Padmakumar shared memories from 30 years ago, stating that a betrayal ruined his dream of having a couple photo with Manju Warrier.