ആ സിനിമ കണ്ടതിന് ശേഷം മൂന്ന് ദിവസത്തോളം ഉറങ്ങിയില്ല, ഒരു ദിവസം മുഴുവൻ ആരോടും സംസാരിച്ചില്ല: മാരി സെൽവരാജ്

'ആ സിനിമ എന്നെ ഇത്രയും കഷ്ടപ്പെടുത്തുമെന്ന് ഞാൻ കരുതിയില്ല'

നീരജ് ഗയ്‌വാൻ ഒരുക്കിയ ചിത്രമാണ് ഹോംബൗണ്ട്. ധർമ പ്രൊഡക്ഷൻ നിർമിച്ച ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം കണ്ട അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ മാരി സെൽവരാജ്. സിനിമ കണ്ടതിന് ശേഷം രണ്ടു മൂന്ന് ദിവസം താൻ ഉറങ്ങിയില്ലെന്ന് പറയുകയാണ് മാരി.

'ഹോംബൗണ്ട് എന്നെ ഒരുപാട് ഡിസ്റ്റർബ് ചെയ്തു. ആ സിനിമ കണ്ടതിന് ശേഷം രണ്ടു മൂന്ന് ദിവസം ഞാൻ ഉറങ്ങിയില്ല. ആ സിനിമ എന്നെ ഇത്രയും കഷ്ടപ്പെടുത്തുമെന്ന് ഞാൻ കരുതിയില്ല. ഒരു ദിവസം മുഴുവൻ ആരോടും സംസാരിക്കാതെ ഞാൻ ഇരുന്നു. ഞാൻ ചെയ്യുന്ന തരം സിനിമകളെ ഇനിയും എങ്ങനെ സ്ട്രോങ്ങ് ആക്കാം ഇനിയും എങ്ങനെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാം എന്ന ചോദ്യം ആ സിനിമ നൽകി', മാരി സെൽവരാജിന്റെ വാക്കുകൾ. 98ാമത് ഓസ്കർ അവാർഡ്സ് മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പ്രഥമ പരിഗണന പട്ടികയിൽ ഹോംബൗണ്ട് ഇടംപിടിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 സിനിമകളാണ് വിദേശ ഭാഷ വിഭാഗത്തില്‍ ഇടംനേടിയത്.

ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'ഹോംബൗണ്ട്' കാനിലും ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ട് വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടൊറന്റോയില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡില്‍ മൂന്നാം സമ്മാനം ചിത്രം സ്വന്തമാക്കി. സെപ്റ്റംബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നോർത്തിന്ത്യയിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കൾ പൊലീസിൽ ചേരാനുള്ള ആഗ്രഹം നിറവേറ്റാനായി മുന്നിട്ടിറങ്ങുകയും, അതുവഴി സമൂഹത്തിൽ നിന്നും തങ്ങൾക്ക് ഇതുവരെ ലഭിക്കാത്ത ബഹുമാനം നേടാൻ കഴിയുമെന്നുമാണ് അവർ കരുതുന്നത്. എന്നാൽ ഈ യാത്രയിൽ ഇരുവരും നേരിടുന്ന പ്രതിസന്ധികളാണ് 'ഹോംബൗണ്ട്' എന്ന ചിത്രത്തിന്റെ പ്രമേയം.

Content Highlights: Mari selvaraj talks about hindi film homebound

To advertise here,contact us