ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ആണ് ബെൻസ്. രാഘവ ലോറൻസ് നായകനായി എത്തുന്ന സിനിമയിൽ നിവിൻ പോളി ആണ് വില്ലനായി എത്തുന്നത്. സിനിമയിൽ വാൾട്ടർ എന്ന വില്ലനെയാണ് നടൻ അവതരിപ്പിക്കുന്നത്. നന്മയുടെ ഒരു സൈഡും ഇല്ലാത്ത ഒരു വില്ലൻ വേഷം ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നു എന്നും അത്തരത്തിൽ ഒരു റോൾ ആണ് ബെൻസിലേതെന്നും നിവിൻ പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നിവിൻ മനസുതുറന്നത്.
'വില്ലൻ വേഷം ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. ഒരു ഭയങ്കര വില്ലൻ, നന്മയുടെ ഒരു സൈഡും അയാൾക്ക് വരരുത്… അങ്ങനെയൊരു വില്ലൻ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു എനിക്ക്. കുറേ വില്ലൻ കഥാപാത്രം ചെയ്ത് കഴിഞ്ഞ് ഒരാൾക്ക് ഒരു ഹീറോ വേഷം ചെയ്യാൻ താത്പര്യമുള്ളത് പോലെ തോന്നില്ലേ.
അങ്ങനെയിരിക്കുമ്പോഴാണ് ബെൻസിന്റെ കഥ വരുന്നത്. ആദ്യം വേറെ കഥാപാത്രമായിരുന്നു. പിന്നീട് അവർ ലോകേഷുമായിട്ടൊക്കെ സംസാരിച്ചതിന് ശേഷമാണ് മെയിൻ വില്ലനാക്കാം എന്ന തീരുമാനത്തിലേക്ക് വരുന്നത്. അങ്ങനെ അവർ രണ്ടാമത് എന്റെ അടുത്ത് വന്നു. പുതിയ കാരക്ടർ ആയിട്ടാണ് രണ്ടാമത് വരുന്നത്. അതെനിക്ക് ഭയങ്കര രസമായിട്ട് തോന്നി. മെയിൻ വില്ലൻ കഥാപാത്രം തന്നെയാണ്. അതും ഞാൻ നന്നായിട്ട് എൻജോയ് ചെയ്തു. ചെറിയൊരു ഡാർക്ക് ഹ്യൂമർ ലൈൻ അതിലുണ്ട്. സീരിയസ് ഹ്യൂമർ ഉണ്ട് താനും ഒരു മെയിൻ വില്ലൻ സാധനവുമുണ്ട്', നിവിന്റെ വാക്കുകൾ.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രത്തിൽ രവി മോഹനും ഒരു പ്രധാന കഥാപാത്രം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റെമോ, സുല്ത്താന് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് ഭാഗ്യരാജ് കണ്ണനാണ് ബെന്സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്വഹിക്കുന്നത്. ബെന്സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര് ആണ് നിര്വഹിക്കുന്നത്. വമ്പന് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്ജ് നിര്വഹിക്കുന്നു. ഫിലോമിന് രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്വഹിക്കുന്നു. ആക്ഷന് രംഗങ്ങള്ക്ക് ഏറെ പ്രാധാന്യമുള്ള ബെന്സിലെ ആക്ഷന്സ് ഒരുക്കുന്നത് അനല് അരശ് ആണ്.
Content Highlights: Nivin Pauly about his tamil film Benz