സിനിമയുടെ കഥയുമായി കണക്ടാകണം, പാട്ടുകൾ റീൽസിൽ ട്രെൻഡ് ആകുന്നുണ്ടോ എന്ന് ശ്രദ്ധിക്കാറില്ല; ജേക്സ് ബിജോയ്

ജേക്സിന്റെ സംഗീതത്തിൽ ഈ വർഷം പുറത്തിറങ്ങിയ ലോക, തുടരും തുടങ്ങിയ സിനിമകൾ വലിയ വിജയമാണ് നേടിയത്

തന്റെ ഗാനങ്ങൾ റീലുകളിൽ ട്രെൻഡ് ആകാനായി പ്രത്യേകിച്ച് ഒരു എഫേർട്ടും എടുക്കാറില്ലെന്ന് സംഗീത സംവിധായകൻ ജേക്സ് ബിജോയ്. റീൽസിൽ എന്റെ ഗാനങ്ങൾ ട്രെൻഡിങ് ആകുന്നുണ്ടോ എന്നത് ഞാൻ ശ്രദ്ധിക്കാറില്ല. സിനിമയുടെ കഥയുമായി തന്റെ മ്യൂസിക് കണക്ട് ആകാറുണ്ടോ എന്ന് മാത്രമാണ് താൻ നോക്കാറുള്ളത് എന്നും ജേക്സ് ബിജോയ് പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ റൗണ്ട്ടേബിളിൽ സംസാരിക്കുകയായിരുന്നു ജേക്സ്.

'സിനിമയുടെ കഥയുമായി എന്റെ മ്യൂസിക് കണക്ട് ആകാറുണ്ടോ എന്ന് മാത്രമാണ് ഞാൻ നോക്കാറുള്ളത്. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. നരിവേട്ടയിൽ ഞാൻ ചെയ്ത മിന്നൽവള എന്ന ​ഗാനം വലിയ ഹിറ്റായി. അത് ഞാൻ വളരെ എളുപ്പത്തിൽ ചെയ്ത ഒരു പാട്ടാണ്. ആ പാട്ട് റീൽസിൽ ട്രെൻഡിങ് ആകുന്നുണ്ടോ ഇല്ലയോ എന്നത് എനിക്ക് രണ്ടാമതായിട്ടുള്ള കാര്യമാണ്. സംവിധായകന്റെ നരേറ്റീവിന് അനുസരിച്ച് കൂടെ പോകാൻ എന്റെ മ്യൂസിക്കിന് കഴിഞ്ഞിട്ടുണ്ടോ എന്നാണ് ഞാൻ നോക്കാറുള്ളത്. അതിനെയാണ് പ്രേക്ഷകരും കൂടുതൽ അഭിനന്ദിക്കുക എന്നാണ് എനിക്ക് തോന്നുന്നത്. എനിക്കെത്ര ഫോളോവേഴ്സുണ്ട്, ആരൊക്കെ എന്റെ പോസ്റ്റിന് ലൈക്ക് ഇടുന്നുണ്ട് എന്നതൊന്നും എന്നെ ബാധിക്കാറില്ല. റീൽസിൽ ട്രെൻഡിങ് ആകുന്നുണ്ടോ എന്നത് ഞാൻ ശ്രദ്ധിക്കാറില്ല. പാട്ട് റീലുകളിൽ ട്രെൻഡിങ് ആകുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഞാൻ പ്രത്യേകിച്ച് ഒരു എഫേർട്ടും എടുക്കാറില്ല', ജേക്സിന്റെ വാക്കുകൾ.

ജേക്സിന്റെ സംഗീതത്തിൽ ഈ വർഷം പുറത്തിറങ്ങിയ ലോക, തുടരും തുടങ്ങിയ സിനിമകൾ വലിയ വിജയമാണ് നേടിയത്. ഇതിൽ ലോകയിലെ പശ്ചാത്തലസംഗീതവും മ്യൂസിക്കും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആഗോള തലത്തിൽ നിന്നും 300 കോടിയാണ് സിനിമ അടിച്ചെടുത്തത്. സിനിമയിലെ കല്യാണിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.

മോഹൻലാൽ ചിത്രവും തുടരും ജേക്സിന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയായി മാറി. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിൽ പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്.

Content Highlights: I won't check if my song trend on reels says jakes bejoy

To advertise here,contact us