സൂപ്പർതാരങ്ങളുടേത് ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് പൊങ്കലിന് തമിഴ്നാട്ടിൽ തിയേറ്ററുകളിൽ എത്തുന്നത്. വലിയ ആരവങ്ങളോടെ എത്തുന്ന സിനിമകൾ ബോക്സ് ഓഫീസിലിൽ നിന്ന് കോടികളാണ് വാരിക്കൂട്ടുന്നത്. ഇപ്പോഴിതാ 2026 പൊങ്കലിന് വിജയ് ചിത്രം ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും ക്ലാഷിന് ഒരുങ്ങുകയാണ്. ജനുവരി 9 ന് ജനനായകൻ തിയേറ്ററിൽ എത്തുമ്പോൾ തൊട്ടടുത്ത ദിവസം 10 ന് പരാശക്തിയും എത്തും.
നേരത്തെ പരാശക്തിയുടെ റിലീസ് ജനുവരി 14 നായിരുന്നു തീരുമാനിച്ചിരുന്നത്. നിർമാതാക്കളുടെ നിർബന്ധത്തെ തുടർന്നാണ് സിനിമയുടെ റിലീസ് നേരത്തെ ആകിയതെന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്. പരാശക്തിയുടെ സിനിമയുടെ നിർമാതാവ് കരുണാനിധി കുടുംബമായ ആകാശ് ഭാസ്കരനാണ്. ഇവരുടെ പ്രൊഡക്ഷൻ കമ്പനിയായ ഡോൺ പിച്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. ഈ ചിത്രം വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയൻ്റ് മൂവീസ് ആണ്. വിജയ് സിനിമയുടെ തൊട്ടടുത്ത ദിവസം പരാശക്തി റിലീസ് വെച്ചത് തിയറ്ററുകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി ആണെന്ന് ആക്ഷേപമാണ് ഉയരുന്നത്. ഇതിനെതിരെ വിജയ് ആരാധകരും ടി വി കെ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. വിജയ് ചിത്രത്തിന് ഡിഎംകെ വെച്ച പാണിയാണോ ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
വിജയുടെ കരിയറിലെ അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്റര്ടെയ്നര് ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ബോബി ഡിയോള്, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന് താരനിരയാണ് ജനനായകനില് അണിനിരക്കുന്നത്. കെ വി എന് പ്രൊഡക്ഷന്റെ ബാനറില് വെങ്കട്ട് നാരായണ നിര്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര് ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന് കെയുമാണ് സഹനിര്മാണം.
അതേസമയം, അമരൻ എന്ന സിനിമയ്ക്ക് ശേഷം ശിവകാർത്തികേയന്റെ താരമൂല്യവും ആരാധകരും ഉയർന്നിരുന്നു. ഈ കാരണം കൊണ്ട് തന്നെ മിനിമം ഗ്യാരന്റി ശിവകാർത്തികേയന്റെ സിനിമകൾക്ക് ഉണ്ട്. സിനിമയുടെ മിനുക്കു പണികൾ അണിയറയിൽ നടന്നു കൊണ്ടിരിക്കുകയാണ്. റെട്രോ മൂഡിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്ഖര് സല്മാന് എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള് പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. സിനിമയുടെ ടീസറിന്റെ റിലീസിന് പിന്നാലെ സൂര്യയ്ക്ക് മികച്ചൊരു ചിത്രം നഷ്ടമായി എന്നാണ് ആരാധകർ പറയുന്നത്.
ശിവകാര്ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല് മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്ട്ട് ചെയ്യുന്നത്.