മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ 'പേട്രിയറ്റ്' ആണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമാ സെറ്റിൽ മമ്മൂട്ടിയെ കാണാൻ രമേഷ് പിഷാരടി എത്തിയതാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ കാണാൻ അതിയായ ആഗ്രഹം ഉള്ള ഒരു കുട്ടിയുമൊത്താണ് രമേഷ് പിഷാരടി സെറ്റിൽ എത്തിയത്.
സെറ്റിൽ എത്തുന്നതിന് മുന്നേ ഒരുപാട് സംശയം ഉണ്ടായിരുന്നു. എങ്കിലും എങ്ങാൻ ബിരിയാണി കിട്ടിയാലോ എന്നോർത്താൻ പോയതെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഈ ഡയലോഗ് അറംപറ്റിഎന്നും ബിരിയാണി ലഭിച്ചെന്നും നടൻ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് രമേഷ് പിഷാരടി ഈ രസകരമായ സംഭവം പറയുന്നത്. നടനെ കാണാൻ എത്തിയ കുട്ടിയ്ക്ക് സ്നേഹത്തോടെ മമ്മൂട്ടി ബിരിയാണി വിളമ്പി നൽകുന്ന ചിത്രവും രമേഷ് പിഷാരടി പങ്കുവെച്ചിട്ടുണ്ട്.
'ചിലപ്പൊ ബിരിയാണി കിട്ടിയാലോ!!സുഹൃത്തും സാരഥിയുമായ സിത്തുവിന്റെ മകന് മമ്മുക്കയെ കാണണം. പാട്രിയറ്റ് പോലെ വലിയ ഒരു ലൊക്കേഷൻ. കോസ്റ്റ്യുമിലോ, ഗെറ്റപ്പിലോ ഒക്കെയാണെങ്കിൽ അത് സാധിക്കുക എളുപ്പമല്ല.“എന്നാലും വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ!എന്റെ ആ ഡയലോഗ് അറംപറ്റി. ബിരിയാണി കിട്ടി', രമേഷ് പിഷാരടി കുറിച്ചു.
അതേസമയം, മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന പാട്രിയേറ്റിന്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചേരുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്.
സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ തകർപ്പൻ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിൻ ശ്യാം ഒരിക്കൽ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്ജ് മാനുവല് എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.
Content Highlights: Ramesh Pisharody recalls an incident from his visit to meet Mammootty.