മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല നിവിന്. മോശം സിനിമകളും ബോക്സ് ഓഫീസ് പരാജയങ്ങളും നടനെ പിന്നോട്ടടിക്കുന്നുണ്ട്. എന്നാൽ സർവ്വം മായയിലൂടെ ഒരു വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിവിൻ പോളി. ഇപ്പോഴിതാ കരിയറിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് മനസുതുറക്കുകയാണ് നിവിൻ പോളി. ഇനി ഒരു വർഷത്തേക്ക് എന്റർടെയ്നർ സിനിമകൾ മാത്രമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് നിവിൻ പോളി പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യം പറഞ്ഞത്.
'ഇപ്പോൾ സ്ക്രിപ്റ്റുകൾ നോക്കുമ്പോൾ ഞാൻ എന്റർടെയ്നർ സിനിമകളുടെ ഴോണിലാണ് നോക്കുന്നത്. സർവ്വം മായയിൽ അഭിനയിച്ച 60 ദിവസങ്ങൾ ഞാൻ ഒരുപാട് എൻജോയ് ചെയ്തു. ഇനി ഒരു വർഷം എന്റർടെയ്നർ സിനിമകൾ മാത്രം ചെയ്താൽ മതി എന്ന ചിന്തയിലാണ് ഞാൻ ഇരിക്കുന്നത്. ചില സ്ക്രിപ്റ്റുകൾ കേൾക്കുമ്പോൾ ഞാൻ അതിനെപ്പറ്റി അഖിൽ സത്യനോട് പറയും. അപ്പോൾ അവൻ എന്റർടെയ്ൻമെന്റ് ആണെങ്കിൽ പിടിച്ചോ എന്നാണ് പറയുക', നിവിന്റെ വാക്കുകൾ.
ഡിസംബർ 25 ന് സർവ്വം മായ പുറത്തിറങ്ങും. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. നിവിൻ പോളിയുടെ സ്ലീപ്പർ സെല്ലുകൾ ഡിസംബർ 25 ന് തിയേറ്ററിൽ എത്തുമെന്നാണ് എക്സിൽ പലരും കുറിക്കുന്നത്.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.
Content Highlights: I am planning to do entertainer movies for the next one year says Nivin Pauly