നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് തെലുങ്ക് നടൻ ശിവാജി നടത്തിയ പരാമർശം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമായിരുന്നു. ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ നടിമാർ ധരിക്കരുതെന്നും ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കണം എന്നായിരുന്നു ശിവാജിയുടെ വാക്കുകൾ. പിന്നാലെ നടനെ വിമർശിച്ച് ചിന്മയി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
'ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാൻ അഭ്യർഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല. ആളുകൾ ചിലപ്പോൾ ഒന്നും തുറന്നുപറയില്ല. കാരണം ഇത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവർ കരുതും. പക്ഷേ ഉള്ളുകൊണ്ട് അവർ ഇത് ഇഷ്ടപ്പെടണമെന്നില്ല. സ്ത്രീയെന്നാൽ പ്രകൃതി പോലെയാണ്. പ്രകൃതി സുന്ദരിയായിരിക്കുമ്പോൾ നമ്മൾ അതിനെ ബഹുമാനിക്കും. ഞാൻ എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എന്റെ അമ്മയെ പോലെയാണ് എനിക്ക് സ്ത്രീ', എന്നായിരുന്നു നടന്റെ വാക്കുകൾ.
హీరొయిన్స్ పై అసభ్యకర కామెంట్స్ నచ్చక నవదీప్ ఏం చేశాడో చూడండి#navdeep #sivaji #shivaji pic.twitter.com/z2gq7u17yE
ധണ്ടോര എന്ന പുതിയ ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് ബിഗ് ബോസ് തെലുങ്ക് ഏഴാം സീസണിലെ സെക്കൻഡ് റണ്ണർ അപ്പ് കൂടിയായ ശിവാജി വിവാദ പരാമർശങ്ങൾ നടത്തിയത്. ചിത്രത്തിലെ വനിതാ താരങ്ങളുടെ സാന്നിധ്യത്തിലാണ് ശിവാജി ഇക്കാര്യങ്ങൾ പറഞ്ഞത്.
പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയെ നടനെതിരെയുള്ള വിമർശനങ്ങൾ കൊണ്ട് നിറഞ്ഞു. 'ഇയാൾ പറയുന്ന വാക്കുകളേക്കാൾ അതിന് കിട്ടുന്ന കയ്യടിയും ആർപ്പുവിളിയുമാണ് നമ്മളെ ഭയപ്പെടുത്തേണ്ടത്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'തെലുങ്ക് സിനിമയുടെ സ്ത്രീവിരുദ്ധ കാഴ്ചപ്പാട് പുതിയതൊന്നുമല്ല. അതിന് വിരുദ്ധമായി നിൽക്കുന്നവർ അപൂർവമാണ്' എന്നായിരുന്നു അടുത്ത കമന്റ്. ഗായിക ചിന്മയിയും നടനെ വിമർശിച്ച് രംഗത്തെത്തി.
'തങ്ങളുടെ ശരീരഭാഗങ്ങൾ മറച്ചുവെക്കാൻ സാരിയുടുക്കണമെന്ന് അധിക്ഷേപ വാക്കുകൾ ഉപയോഗിച്ച് നടിമാരെ അനാവശ്യമായി ഉപദേശിക്കുകയാണ് തെലുങ്ക് നടൻ ശിവാജി. ഒരു മികച്ച സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ച ശിവാജി ഒടുവിൽ സ്ത്രീവിരുദ്ധരുടെ നായകനായിരിക്കുകയാണ്. പ്രൊഫഷണലായ ഇടങ്ങളിലാണ് ശിവാജി ഇത്തരം അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം', എന്നായിരുന്നു ചിന്മയിയുടെ വാക്കുകൾ.
Content Highlights: Actor Sivaji's controversial comments on women goes viral