കെജിഎഫിനും കാന്താരയ്ക്കും ശേഷം വലിയ ഓളം സൃഷ്ടിച്ച കന്നഡ ചിത്രമായിരുന്നു സു ഫ്രം സോ. ചിത്രം വമ്പൻ വിജയമാണ് തിയേറ്ററുകളിൽ നിന്നും സ്വന്തമാക്കിയത്. രാജ ബി ഷെട്ടി പ്രധാനവേഷത്തിൽ എത്തിയ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ പി തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ നായക വേഷം ചെയ്തിരിക്കുന്നതും. ഇപ്പോഴിതാ സിനിമയുടെ കളക്ഷനെക്കുറിച്ച് മനസുതുറക്കുകയാണ് രാജ് ബി ഷെട്ടി.
'എന്റെ സുഹൃത്തുക്കൾ എല്ലാവരുമായി ചേർന്ന് ഞാൻ ഒരു സിനിമ ചെയ്തു. 100 കോടി ആണ് സിനിമ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. മൂന്ന് - നാല് കോടി മുതൽമുടക്കിൽ ആയിരുന്നു ആ സിനിമ നിർമിച്ചത്', രാജ് ബി ഷെട്ടിയുടെ വാക്കുകൾ. ട്രാക്കര്മാരായ കര്ണാടക ടാക്കീസ് പുറത്തു വിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ചിത്രത്തിന്റെ ആഗോള ക്ലോസിംഗ് കളക്ഷന് 124 കോടിയാണ്. കർണാടകയിൽ നിന്നാണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്. 96 കോടിയാണ് കന്നഡ കളക്ഷൻ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില് നിന്ന് 12 കോടിയും വിദേശ മാര്ക്കറ്റുകളില് നിന്ന് 16 കോടിയുമാണ് ചിത്രം നേടിയത്.
ജൂലൈ 25 നായിരുന്നു സിനിമയുടെ റിലീസ്. കേരളത്തിലും വമ്പൻ ഓളമാണ് ചിത്രം സൃഷ്ടിച്ചത്. കന്നഡ ഭാഷയിൽ എത്തിയിരിക്കുന്ന സിനിമയെ ഒരു മലയാള ചിത്രമെന്ന പോലെയാണ് പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിച്ചത്. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്.
Content Highlights: Raj b shetty about su from so collection