കാത്തിരിപ്പിന് വിരാമം: ദൃശ്യം 3 യുടെ ഹിന്ദി റീലീസ് തീയതി എത്തി; മലയാളം എപ്പോൾ വരും ?

ദൃശ്യം 3 ആദ്യം മലയാളത്തില്‍ എത്തുമെന്നും അതു കഴിഞ്ഞ് മൂന്നോ നാലോ മാസത്തിന് ശേഷമേ ഹിന്ദിയില്‍ എത്തുകയുള്ളൂവെന്നുമായിരുന്നു ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നത്

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. സിനിമയുടെ ഹിന്ദി പതിപ്പിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ദൃശ്യം 3 യുടെ ലോകമെമ്പാടുമുള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.

ഒക്‌ടോബർ 2 ന് ദൃശ്യം 3 യുടെ ഹിന്ദി പതിപ്പ് തിയേറ്ററിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഈ വാർത്തയിൽ ഇപ്പോൾ ആശങ്കയിലാണ് മലയാളികൾ. സിനിമയുടെ മലയാളം പതിപ്പിന്റെ റീലീസ് തിയതി ഇതുവരെ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടില്ല. ഹിന്ദിയിക്ക് മുന്നേ സിനിമ മലയാളത്തിൽ എത്തുമെന്ന് ജീത്തു ജോസഫ് അറിയിച്ചിരുന്നുവെങ്കിലും റീലീസ് തീയതി പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ദൃശ്യം 3 മലയാളത്തിൽ എപ്പോൾ വരുമെന്ന് ചോദിക്കുകയാണ് ആരാധകർ.

ദൃശ്യം 3 ആദ്യം മലയാളത്തില്‍ തന്നെയാണ് വരികയെന്നും അതു കഴിഞ്ഞ് മൂന്നോ നാലോ മാസത്തിന് ശേഷമേ ഹിന്ദിയില്‍ എത്തുകയുള്ളു ജീത്തു ജോസഫ് റിപ്പോര്‍ട്ടറിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. പനോരമ സ്റ്റുഡിയോസിന് റീമേക്ക് റൈറ്റ്‌സ് നല്‍കിയിട്ടില്ലെന്നും ജീത്തു ജോസഫ് അന്ന് പറഞ്ഞിരുന്നു. 'പനോരമ സ്റ്റുഡിയോസുമായുള്ള അസോസിയേഷന്റെ വാര്‍ത്ത വന്നതിന് പിന്നാലെ ഒരുപാട് ആള്‍ക്കാര്‍ എന്നെ വിളിക്കുന്നുണ്ട്. ദൃശ്യം 3 മലയാളത്തില്‍ തന്നെയാകും ആദ്യം വരിക. കേരളത്തില്‍ റിലീസിംഗ് ഡേറ്റും മറ്റ് കാര്യങ്ങളും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരും ആശിര്‍വാദ് സിനിമാസും തന്നെയാണ്. പുറത്തുള്ള റിലീസാണ് പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തിരിക്കുന്നത്. റീമേക്ക് റൈറ്റ്‌സ് നല്‍കിയിട്ടില്ല. അത് നമ്മുടെ കയ്യില്‍ തന്നെയാണ്. പക്ഷെ അവര്‍ക്ക് ചില റെവന്യൂ റൈറ്റ്‌സ് ലഭിക്കും.

പനോരമ സ്റ്റുഡിയോസ് ആണ് ഇനി എല്ലാം തീരുമാനിക്കുന്നത് എന്നല്ല ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങളുടെ അര്‍ത്ഥം. മലയാളത്തില്‍ ദൃശ്യം പുറത്തിറങ്ങി മൂന്നോ നാലോ മാസത്തിന് ശേഷമേ ഹിന്ദിയില്‍ റിലീസ് ചെയ്യൂ. ആ രീതിയിലാണ് കരാറിലെ നിബന്ധനകള്‍ വെച്ചിരിക്കുന്നത്. പക്ഷെ ഇപ്പോള്‍ രേഖകള്‍ കണ്ടപ്പോള്‍ ആളുകള്‍ക്ക് എല്ലാ റൈറ്റ്‌സും വിറ്റുപോയി എന്ന ആശങ്കയുണ്ടായതാണ്, അങ്ങനെയല്ല കാര്യങ്ങള്‍. ഈ പുതിയ പങ്കാളിത്തത്തിലൂടെ വരും കാലങ്ങളില്‍ മലയാള സിനിമയ്ക്ക് വലിയ രീതയില്‍ ഗുണകരമാകുന്ന മാറ്റങ്ങളുണ്ടാകുമെന്ന് മാത്രം ഇപ്പോള്‍ പറയാം. കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാവ് പങ്കുവെക്കും,' ജീത്തു ജോസഫ് റിപ്പോര്‍ട്ടിനോട് പറഞ്ഞു.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

Content Highlights: Drishyam 3 Release Date: Hindi Version Set For October 2; Malayalam Version Update Awaited

To advertise here,contact us