രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. പുറത്തിറങ്ങി 17 ദിവസങ്ങൾ കഴിയുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ ആണ് സിനിമ നേടുന്നത്. പതിനേഴാം ദിവസം ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 44 കോടി രൂപയാണ്. ഇതോടെ സിനിമയുടെ ഇന്ത്യൻ കളക്ഷൻ 538 കോടിയായി. ആഗോള തലത്തിൽ സിനിമ 700 കോടിയ്ക്കും മുകളിൽ നേടിക്കഴിഞ്ഞു.
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമലിന്റെ ലൈഫ് ടൈം കളക്ഷനെ ധുരന്ദർ മറികടന്നിട്ടുണ്ട്. അനിമലിന്റെ ലൈഫ് ടൈം കളക്ഷൻ ഇന്ത്യയിൽ നിന്ന് 553 കോടി രൂപയായിരുന്നു. 17 ദിവസം കൊണ്ട് ഈ കളക്ഷൻ മറികടന്നിരിക്കുകയാണ് രൺവീർ സിങ്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 സിനിമകളുടെ ലിസ്റ്റിൽ നിലവിൽ പത്താം സ്ഥാനത്താണ് ധുരന്ദർ. അല്ലു അർജുൻ ചിത്രമായ പുഷ്പയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം 1234 . 1 കോടിയാണ് സിനിമയുടെ നേട്ടം.
Ranveer Singh has officially crossed Ranbir Kapoor's highest-grossing film in just 15 days. pic.twitter.com/vGnmm3Tk23
ബാഹുബലി, കെ ജി എഫ്, ആർ ആർ ആർ, കൽക്കി, ജവാൻ, കാന്താര, ഛാവ, സ്ത്രീ 2 തുടങ്ങിയ സിനിമയുടെ കളക്ഷനെ ധുരന്ദർ മറികടക്കേണ്ടതുണ്ട്. സിനിമയ്ക്ക് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത തുടരുകയാണെങ്കിൽ അടുത്ത ദിവസം തന്നെ ധുരന്ദർ സ്ത്രീ 2 വിന്റെ കളക്ഷനെ ( 597 കോടി ) മറികടക്കും. അടുത്ത തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ കയറാനും സാധ്യതയുണ്ട്.
കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 4.30 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ നേട്ടം. ഇത് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.
Content Highlights: Dhurandar beats Animal as Ranveer Singh’s film sets new box office records