പകരം വയ്ക്കാനില്ലാത്ത പൗരുഷത്തിനും ഗാംഭീര്യവും തുളുമ്പുന്ന ശബ്ദത്തിനും ഉടമയായ നടനെന്നാണ് മമ്മൂട്ടി വിശേഷിപ്പിക്കപ്പെടുന്നത്. നടനെന്ന നിലയില് മമ്മൂട്ടിയെ ഏറെ പിന്തുണച്ചതും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ശബ്ദമാണ്. സ്നേഹവും, കരുണയും കാര്ക്കശ്യവും ദേഷ്യവും ഒക്കെ തന്റെ ശബ്ദത്തിലൂടെ കോര്ത്തിണക്കിയ പ്രതിഭ തന്നെയാണ് മമ്മൂട്ടി. എന്നാല് ആ മമ്മൂട്ടിക്ക് തന്റെ കരിയറിന്റെ തുടക്കത്തില് ശബ്ദം നല്കിയത് ശ്രീനിവാസനാണെന്നത് ഏറെ കൗതുകമുണര്ത്തുന്ന കാര്യമാണ്. അക്കാലത്തെ സിനിമകള് ശ്രദ്ധിച്ചാല് മമ്മൂട്ടിയുടെ മുഖവും ശ്രീനിവാസന്റെ ശബ്ദവും എവിടെയൊക്കെയോ സാമ്യമുളളതായി തോന്നുകപോലും ചെയ്യും.
1980 തില് പുറത്തിറങ്ങിയ മേള, വില്ക്കാനുണ്ട് സ്വപ്നങ്ങള്, 1982ല് പുറത്തിറങ്ങിയ വിധിച്ചതും കൊതിച്ചതും 1983ല് പുറത്തിറങ്ങിയ ഒരു മാടപ്രാവിന്റെ കഥ എന്നീ ചിത്രങ്ങളില് ശ്രീനിവാസന് മമ്മൂട്ടിക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. നടനെന്ന നിലയില് ആദ്യം മമ്മൂട്ടി ശ്രദ്ധേയമായ വേഷം ചെയ്തത് ടി എസ് മോഹനന്റെ വിധിച്ചതും കൊതിച്ചതും എന്ന ചിത്രമാണ്. ചിത്രത്തില് പ്രായമുളള ഒരാളുടെ വേഷമായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. അന്ന് ആ ചിത്രത്തില് മമ്മൂട്ടിക്ക് ശബ്ദം നല്കാനായി അടുത്ത സുഹൃത്ത് കൂടിയായ ശ്രീനിവാസനെത്തി.
സിനിമയ്ക്കപ്പുറം ജീവിതത്തിലും സൗഹൃദം സൂക്ഷിക്കുന്ന രണ്ടുപേരാണ് മമ്മൂട്ടിയും ശ്രീനിവാസനും. ശ്രീനിവാസന് ആശുപത്രിയിലായാല് ആദ്യം ഓടിയെത്തിയിരുന്നതും മമ്മൂട്ടിയാണ്. തന്റെ വിവാഹം നടക്കാന് മമ്മൂട്ടി സാമ്പത്തികമായി സഹായിച്ചതിനെക്കുറിച്ച് ശ്രീനിവാസന് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. അതുപോലെ സിനിമയില് ആദ്യമായി തനിക്ക് പ്രതിഫലം തന്നത് ശ്രീനിവാസനാണെന്ന് മമ്മൂട്ടി ഒരിക്കല് പറഞ്ഞിരുന്നു. മേള എന്ന ചിത്രത്തില് അഭിനയിക്കുന്ന സമയത്ത് പ്രതിഫലമായി 500 രൂപയുടെ ചെക്ക് എനിക്കാദ്യം തരുന്നത് ശ്രീനിവാസനാണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്.
Content Highlights :When Mammootty was acting in films in the early days, Sreenivasan dubbed for him.