

മലയാളികളുടെ പ്രിയപ്പെട്ട താരം ശ്രീനിവാസന്റെ വേര്പാട് കേരളക്കരയെ ഒന്നാകെ കണ്ണീരിലാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ശ്രീനിവാസനെ ഓർക്കുകയാണ് സുരേഷ് ഗോപി. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിലെ ശ്രീനിവാസന്റെ ഡാൻസിനെക്കുറിച്ചാണ് സുരേഷ് ഗോപി വാചാലനായത്.
'"പവിഴമല്ലി പൂത്തലഞ്ഞ നീലവാനം, പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം, പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം" ഭൂമി സുന്ദരമാക്കി അദ്ദേഹം പോയി. അദ്ദേഹത്തിന്റെ ഒരു ചേഷ്ടയാണ് എനിക്ക് ഓർമ വരുന്നത്, രണ്ട് കൈയും പോക്കറ്റിൽ ഇട്ടിട്ട് സ്റ്റെപ്പ് വെച്ചത് മുമ്പോട്ടും പുറകോട്ടും നടന്നു കാർത്തികയയെ ഇംപ്രസ് ചെയ്യാൻ വേണ്ടിയിട്ടാണ് നടക്കുന്നത്. ഭയങ്കര ബാലിശമായിട്ട് തോന്നുമെങ്കിലും ആ ബാലിശതയിൽ പോലും ആത്മാർത്ഥതയായിരുന്നു. ഒരു മെച്യുരിറ്റി ഓഫ് സിൻസിയറിറ്റി നമുക്ക് അതിനകത്ത് കാണാൻ സാധിക്കും. വലിയ കലാകാരനാണ് വലിയ കല സാഹിത്യകാരനാണ്', സുരേഷ് ഗോപിയുടെ വാക്കുകൾ.
'1982-24 കാലഘട്ടത്തോളം പഴക്കമുണ്ട് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്. എന്റെ അച്ഛനുമായി അദ്ദേഹത്തിന് വളരെ ഹൃദ്യമായ ബന്ധം ഉണ്ടായിരുന്നു. അന്നത്തെ അദേഹത്തിന്റെ അവസ്ഥയെ കുറിച്ചൊക്കെ ഒരുപാട് ലേഖനങ്ങളിൽ അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഈ ഒരു റഫെറെൻസ് ഒരിക്കലും വന്നിട്ടില്ല. കൊല്ലത്ത് തിരുവെങ്കിടം മുതലാളി എന്നൊരു ധനികനായ വ്യക്തിയുണ്ടായിരുന്നു. സിനിമയിലെ ഒരുപാടു പേരെ സഹായിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹമാണ് കൊല്ലത്ത് എന്റെ അച്ഛന്റെ ലോഡ്ജിൽ ശ്രീനിയേട്ടനെ കൊണ്ടുവന്നു താമസിപ്പിക്കുന്നത്.
‘മുഖ്യമന്ത്രി’എന്ന ഒരു സിനിമയുടെ രചനയുമായി ബന്ധപ്പെട്ട് അദ്ദേഹം വന്നു താമസിച്ച കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ വ്യഥകളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. പല ദിവസങ്ങളിലും ഭക്ഷണത്തിനു കാശ് എത്തിച്ചു കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. അങ്ങനെ ഒരു വലിയ കഠിനമായ ഭൂതകാലം അദ്ദേഹത്തിനുണ്ട്. അവിടെനിന്ന് തുടങ്ങിയ ബന്ധം സിനിമയിൽ എത്തുമ്പോഴും ഞങ്ങൾ സൂക്ഷിച്ചിരുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ഒന്പത് മണിയോടെയാണ് ശ്രീനിവാസന്റെ വിയോഗം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പില്.
Content Highlights: Suresh gopi about sreenivasan's dance