'രജനീകാന്ത് കണ്ണുനിറഞ്ഞാണ് ഇറങ്ങിവന്നത്'; ശ്രീനിവാസന്റെയും രജനീകാന്തിന്റെയും അപൂർവ്വ സൗഹൃദത്തിന്റെ കഥ

ഒടുവില്‍ ആ സൗഹൃദവും വേരറ്റുപോയി. ഭാഷയ്ക്കും ദേശത്തിനും അതീതമായ സൗഹൃദമാണ് രജനീകാന്തും ശ്രീനിവാസനും തമ്മിലുണ്ടായിരുന്നത്

മദ്രാസ് ഫിലിം ഇന്‍സിസ്റ്റ്യൂട്ടിന്റെ ഇടനാഴികള്‍ മുതല്‍ വലിയ സിനിമാ സൈറ്റുകളില്‍വരെ പ്രശസ്തമായ സൗഹൃദമാണ് രജനീകാന്തും ശ്രീനിവാസനും തമ്മിലുള്ളത്. കാലത്തിനതീതമായ ബന്ധമെന്നുതന്നെ ആ സൗഹൃദത്തെ വിശേഷിപ്പിക്കാം. സിനിമ മോഹവുമായി ചെന്നെയിലേക്ക് ചേക്കേറിയ സമയത്താണ് മദ്രാസിലെ എംജിആര്‍ ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശ്രീനിവാസന്‍ പഠിക്കാനെത്തുന്നത്. അന്ന് ശ്രീനിവാസന്റെ സീനിയറായിരുന്നു രജനികാന്ത്. ഒരു ദിവസം പുതിയ വിദ്യാര്‍ഥികള്‍ അഭിനയിച്ച മുഹൂര്‍ത്തങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശ്രീനിവാസന്റെ സ്‌ക്രീന്‍ ടെസ്റ്റ് കണ്ടുനിന്ന രജനി അടുത്തുവന്നുപറഞ്ഞു 'നീ നന്നായി അഭിനയിച്ചു' . ആ കാഴ്ചയിലൂടെയും വാക്കുകളിലൂടെയുമാണ് അവരുടെ സൗഹൃദം ആരംഭിക്കുന്നത്. അന്നവര്‍ സൂപ്പര്‍ സ്റ്റാറുകളല്ല. സാധാരണക്കാരായ ശ്രീനിവാസനും ശിവാജി റാവുവും.

രജനീകാന്തുമായുള്ള സൗഹൃദത്തെക്കുറിച്ച് ശ്രീനിവാസന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അതിലൊരു കഥ ഇങ്ങനെയാണ്. 'എന്റെ സഹപാഠിയിയിരുന്ന ഒരാള്‍ രജനീകാന്തിന്റെ കൈയ്യില്‍നിന്നും അഞ്ച് രൂപ കടംവാങ്ങുകയും പണം തിരികെ കൊടുക്കാതെ ഒളിച്ച് നടക്കുകയും ചെയ്തു. ഇയാളെ കണ്ടുപിടിക്കാന്‍ പലപ്പോഴും രജനി ശ്രമിച്ചെങ്കിലും അയാള്‍ ഒളിച്ചു നടന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ എന്റെയടുത്ത് രജനി ഇക്കാര്യം വന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ഇടപെട്ടാണ് രജനിക്ക് പണം തിരികെ വാങ്ങിക്കൊടുത്തത്'.

മറ്റൊരു അനുഭവം ഇങ്ങനെയാണ്. 'രജനീകാന്തിനെതേടി പഠനകാലത്ത് മണിയോര്‍ഡറുകള്‍ എത്തിയിരുന്നത് ഞങ്ങളില്‍ പലരും കണ്ടിട്ടുണ്ട്. പക്ഷേ രജനി ആരും കാണാതെ പോസ്റ്റ്മാനെയും കൂട്ടി കെട്ടിടത്തിന്റെ പിറകിലേക്ക് പോകും. എന്നിട്ടാണ് മണിയോര്‍ഡറുകള്‍ ഒപ്പിട്ട് വാങ്ങിയിരുന്നത്. ആദ്യമൊന്നും എന്തിനാണ് അദ്ദേഹം അങ്ങനെ ചെയ്തിരുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പിന്നീടാണ് മനസിലാകുന്നത് മണിയോര്‍ഡര്‍ തുക ആരും കാണാതിരിക്കാനാണ് പോസ്റ്റ്മാനെയും കൂട്ടി ആരും കാണാതെ ഒപ്പിട്ട് വാങ്ങിയിരുന്നതെന്ന്. അതിന് കാരണമുണ്ട്. അക്കാലത്ത് പൊതുവേ എല്ലാവരും ദരിദ്രരാണ്. ഒന്നും രണ്ടും രൂപയാണ് മണിയോര്‍ഡറായി വരിക. അതാകട്ടെ ബസ് തൊളിലാളികളായ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അയക്കുന്നതായിരിക്കും'.

വര്‍ഷങ്ങള്‍ക്ക്‌ശേഷം തമിഴ്‌നാട്ടില്‍ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ക്യാംപെയ്‌ന്റെ ഭാഗമായി ഇരുവരും കണ്ടുമുട്ടിയതിനെക്കുറിച്ചും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പങ്കുവച്ചിരുന്നു. തമിഴ് സംവിധായകന്‍ പി വാസു പറഞ്ഞതനുസരിച്ച് കഥപറയുമ്പോള്‍ കാണാന്‍ രജനീകാന്ത് തീയറ്ററിലെത്തി. തീയറ്ററിലെത്തിയപ്പോഴാണ് രജനി അവിടെയുണ്ടെന്ന് ശ്രീനിവാസന്‍ അറിയുന്നത്. ചിത്രം കണ്ടിറങ്ങിയ രജനീകാന്ത് കരഞ്ഞുകൊണ്ടാണ് ശ്രീനിവാസന്റെ അടുത്തെത്തിയത്. 'നീ എന്നെ കരയിപ്പിച്ചുകളഞ്ഞു' എന്നാണ് രജനി ശ്രീനിവാസനോട് പറഞ്ഞത്. പില്‍ക്കാലത്ത് കഥപറയുമ്പോള്‍ എന്ന ചിത്രം തമിഴില്‍ 'കുസേലന്‍' എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ മമ്മൂട്ടി അവതരിപ്പിച്ച സൂപ്പര്‍ താരത്തിന്റെ വേഷം അവതരിപ്പിച്ചത് രജനീകാന്ത് ആയിരുന്നു. ശ്രീനിവാസന്‍ രജനീകാന്തിനെക്കുറിച്ച് പറയുന്നത് ഒരു സൂപ്പര്‍ സ്റ്റാര്‍ എന്നതിലുപരി സത്യസന്ധതയും ഹൃദയശുദ്ധിയുമുളള മനുഷ്യന്‍ എന്നാണ്.

ശ്രീനിവാസന്റെ വിയോഗത്തെക്കുറിച്ച് രജനീകാന്ത്

ശ്രീനിവാസന്റെ വിയോഗവാര്‍ത്ത അറിഞ്ഞ രജനീകാന്ത് വളരെ വികാരധീനനായാണ് പ്രതികരിച്ചത്. ' എന്റെ പ്രിയസുഹൃത്ത് ശ്രീനിവാസന്‍ ഇനിയില്ല എന്ന വാര്‍ത്ത അങ്ങേയറ്റം വിഷമകരമാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം എന്റെ സഹപാഠിയായിരുന്നു. മികച്ച നടനും അതിലുപരി നല്ലൊരു മനുഷ്യനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ' രജനീകാന്ത് പറഞ്ഞു.

Content Highlights :'Rajinikanth came out with tears in his eyes'; The rare friendship story of Sreenivasan and Rajinikanth

To advertise here,contact us