ദാസനും വിജയനും പോലെ ഇണങ്ങിയും പിണങ്ങിയുമെന്ന് മോഹൻലാൽ, ശ്രീനിയേട്ടൻ ആദ്യമായി കരയിപ്പിച്ചെന്ന് മഞ്ജു

ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിവാസന്റെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണെന്ന് മോഹന്‍ലാല്‍

നടന്‍ ശ്രീനിവാസന്റെ വിയോഗത്തിന്റെ ദുഖത്തിലാണ് മലയാള സിനിമാ ലോകം. ഇതിനോടകം നിരവധി പേരാണ് ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായ ദാസനെയും വിജയനെയും ഓര്‍മിപ്പിച്ചായിരുന്നു മോഹന്‍ലാല്‍ പ്രിയപ്പെട്ട കൂട്ടുകാരനെ അനുസ്മരിച്ചത്. 'യാത്ര പറയാതെ ശ്രീനി മടങ്ങി'യെന്ന് തുടങ്ങുന്ന വൈകാരിക കുറിപ്പാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.

ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിവാസന്റെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. വേദനയെ ചിരിയില്‍ പകര്‍ത്തിയ പ്രിയപ്പെട്ടവന്‍. സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു', മോഹന്‍ലാല്‍ പറഞ്ഞു.

ശ്രീനിവാസനുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു തങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു.

'മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്‌ക്രീനില്‍ കണ്ടു. മധ്യവര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്‌കരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റാര്‍ക്ക് കഴിയും. ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്', മോഹന്‍ലാല്‍ കുറിച്ചു.

കാലാതിവര്‍ത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയില്‍ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളമെന്നായിരുന്നു മഞ്ജു വാര്യര്‍ പ്രതികരിച്ചത്. 'എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ ഒരുതരത്തില്‍ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓര്‍മകള്‍ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തില്‍ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി', മഞ്ജു വാര്യര്‍ പറഞ്ഞു.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ശ്രീനിവാസന്റെ വിയോഗം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പില്‍.

Content Highlights: Mohanlal and Manju warrior condolences Sreenivasan

To advertise here,contact us