കൊച്ചി: അന്തരിച്ച നടന് ശ്രീനിവാസനെ അനുസ്മരിച്ച് സംവിധായകന് സത്യന് അന്തിക്കാട്. ഒന്നും പ്രതികരിക്കാന് കഴിയാത്ത മാനസികാവസ്ഥയിലാണ് താനെന്നും എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ശ്രീനിവാസനോട് താന് സംസാരിക്കാറുണ്ടായിരുന്നുവെന്നും സത്യന് അന്തിക്കാട് പറഞ്ഞു. കഴിഞ്ഞ ദിവസം തന്നോട് 'എനിക്ക് മതിയായി' എന്ന് പറഞ്ഞിരുന്നുവെന്നും അത് നോക്കിയിട്ട് കാര്യമില്ല, നമുക്ക് തിരിച്ചുവരാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും സത്യന് അന്തിക്കാട് പറഞ്ഞു.
'ഒന്നും പ്രതികരിക്കാന് പറ്റാത്ത അവസ്ഥയിലാണ്. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും സംസാരിക്കാറുണ്ടായിരുന്നു. മിനിഞ്ഞാന്നും സംസാരിച്ചു. അതിനിടയ്ക്ക് പുളളി ഒന്ന് വീണു. നടക്കാന് ബുദ്ധിമുട്ടുണ്ടായിരുന്നു. സര്ജറി കഴിഞ്ഞു. വിളിച്ചപ്പോള് നടക്കാന് തുടങ്ങിയെന്ന് പറഞ്ഞു. രണ്ടാഴ്ച്ച കൂടുമ്പോള് വീട്ടില് പോയി ശ്രീനിവാസനൊപ്പം സമയം ചിലവഴിക്കുമായിരുന്നു. ചിന്തകളും ബുദ്ധിയുമൊക്കെ ഇപ്പോഴും ഷാര്പ്പായിരുന്നു. കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞു എനിക്ക് മതിയായി എന്ന്. ഞാനപ്പോള് പറഞ്ഞു അത് നോക്കിയിട്ട് കാര്യമില്ല നമുക്ക് തിരിച്ച് വരാമെന്ന്': വാക്കുകള് പൂര്ത്തിയാക്കാനാകാതെ സത്യന് അന്തിക്കാട് വിതുമ്പി.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ശ്രീനിവാസന്റെ വിയോഗം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.
Content Highlights: Director Sathyan Anthikkad Remembers Sreenivasan