സ്വന്തം പിറന്നാള് ദിനത്തില് അച്ഛനെ നഷ്ടമായതിന്റെ തീരാദുഖത്തിലാണ് ധ്യാന് ശ്രീനിവാസന്. ഇന്ന് 37ാം ജന്മദിനത്തിന്റെ സന്തോഷത്തിലിരിക്കവേയാണ് പിതാവിന്റെ വിയോഗത്തിന്റെ അപ്രതീക്ഷിത വാര്ത്ത ധ്യാനിനെ തേടിയെത്തുന്നത്. കോഴിക്കോട്ടെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിലിരിക്കവേയാണ് ധ്യാന് അച്ഛന്റെ മരണവിവരം അറിയുന്നത്.
ഇരുവരുടെയും അച്ഛന്-മകന് ബന്ധം മലയാളികള് ഏറെ രസത്തോടെ നോക്കി കണ്ടതാണ്. പല അഭിമുഖങ്ങളിലൂടെയും ശ്രീനിവാസനുമായുള്ള രസകരമായ അനുഭവങ്ങള് ധ്യാന് പങ്കുവെച്ചിട്ടുണ്ട്. പരസ്പരം സ്നേഹിച്ചും കലഹിച്ചും വിമര്ശിച്ചും തിരുത്തിയും മുന്നോട്ടു പോയ ഒരു അച്ഛനും മകനുമായിരുന്നു ഇരുവരും. പൊതു ഇടങ്ങളില് പോലും ധ്യാനിനെ സ്വതസിദ്ധമായ ശൈലിയില് ശ്രീനിവാസന് വിമര്ശിച്ചിരുന്നു.
ഹോക്കി താരം ധ്യാന് ചന്ദിനോടുള്ള ആരാധന കൊണ്ടാണ് രണ്ടാമത്തെ മകന് ധ്യാന് എന്ന് പേരിട്ടതെന്ന് ശ്രീനിവാസന് ഒരിക്കല് പറഞ്ഞിരുന്നു. ഇടയ്ക്ക് മദ്യപാനം ലഹരിയാക്കിയ സമയത്ത് അച്ഛന് വീട്ടില് നിന്ന് പുറത്താക്കിയതടക്കമുള്ള കാര്യങ്ങള് മറയില്ലാതെ ധ്യാനും പങ്കുവെച്ചിട്ടുണ്ട്. ലവ് ആക്ഷന് ഡ്രാമ സിനിമയിലെ നിവിന് പോളിയെ പോലെയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില് നിന്ന് ഇറങ്ങിപ്പോകുന്നത്. ബോധം വന്ന ശേഷമാണ് വീട്ടില് നിന്ന് പുറത്തായത് മനസിലായത്. 2018ല് സിന്തറ്റിക് ഉപയോഗിച്ച് തുടങ്ങി. മദ്യവും സിന്തറ്റിക് ലഹരിയും വന്നതോടെ അച്ഛനുമായി കടുത്ത പ്രശ്നങ്ങള് ഉണ്ടായി. 2019 മുതല് 21 വരെ അത് ഉപയോഗിച്ചു. കൂടെ ഉണ്ടായിരുന്നവര്ക്ക് അസുഖം വന്നുതുടങ്ങി. എല്ലാ ബന്ധങ്ങളും ഇല്ലാതായി. കുഞ്ഞ് വന്നതോടെ ജീവിതത്തിലെ എല്ലാം മാറി. എന്റെ റീഹാബ് ആണ് ഈ സിനിമകള്', എന്നായിരുന്നു ധ്യാന് അന്ന് പറഞ്ഞത്.
സിനിമയെ കൂടാതെ അച്ഛന്റെ പാത പിന്തുടര്ന്ന് ധ്യാനും കൃഷിയില് താല്പര്യം കാണിച്ചിരുന്നു. അച്ഛന്റെ താല്പര്യ പ്രകാരമാണ് കൃഷിയിലേക്ക് ഇറങ്ങിയതെന്ന് ധ്യാന് അന്ന് പറഞ്ഞിരുന്നു. ശ്രീനിവാസനെയും മോഹന്ലാലിനെയും തന്റെ സിനിമയില് ഒരുമിച്ച് അഭിനയിപ്പിക്കണമെന്ന ആഗ്രഹം ധ്യാനിനുണ്ടായിരുന്നു. ആ ആഗ്രഹം പൂര്ത്തിയാക്കാന് അനുവദിക്കാതെയാണ് ശ്രീനിവാസന് ഇന്ന് വിടവാങ്ങിയത്.
ശ്രീനിവാസന്റെ വിയോഗ വാര്ത്ത പുറത്ത് വരുമ്പോള് കൊച്ചിയില് നിന്നും ചെന്നൈയിലേക്കുള്ള ഒരു യാത്രയിലായിരുന്നു മൂത്ത മകന് വിനീത് ശ്രീനിവാസന്. മുന്കൂട്ടി നിശ്ചയിച്ച ചില പരിപാടികള്ക്കുവേണ്ടിയുള്ള യാത്രക്കായി വിമാനത്താവളത്തില് എത്തിയിരുന്നു അദ്ദേഹം. വാര്ത്ത അറിഞ്ഞ ഉടന് അദ്ദേഹം ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
Content Highlights: Dhayn Sreenivasan heard Sreenivasan s death on his birthday