ലവ് ടുഡേ, ഡ്രാഗൺ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. നടന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം ഡ്യൂഡ് ആണ്. വിമർശനങ്ങൾ ഏറെ ലഭിച്ചിരുന്നുവെങ്കിലും മികച്ച കളക്ഷൻ ആയിരുന്നു ചിത്രം തിയേറ്ററിൽ നിന്ന് നേടിയിരുന്നത്. സിനിമയിൽ നായികയായി എത്തിയിരുന്നത് മമിത ബൈജുവായിരുന്നു. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി പ്രദീപ് കേരളത്തിലും എത്തിയിരുന്നു.
എയര്പോര്ട്ടിലെത്തിയ പ്രദീപിനോട് ഓണ്ലൈന് മാധ്യമപ്രവര്ത്തകന് കേരളത്തിലെ ഭക്ഷണം പരീക്ഷിക്കുമോ എന്ന് ചോദിച്ചിരുന്നു. ‘ഉറപ്പായും ട്രൈ ചെയ്യാം. പൊറോട്ടയും ബീഫും കഴിക്കണമെന്നുണ്ട്’ എന്നായിരുന്നു പ്രദീപിന്റെ മറുപടി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. രണ്ട് മാസം മുമ്പുള്ള ഈ വീഡിയോ ഇപ്പോള് സനാതന് കന്നഡ എന്ന പേജ് എക്സില് പങ്കുവെച്ചിരിക്കുന്നത്. പൊറോട്ടയും ബീഫും കഴിക്കുമെന്ന പ്രദീപിന്റെ വാക്കുകളാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. ‘കോളനികള്’ എന്ന് അര്ത്ഥം വരുന്ന ഹിന്ദി വാക്കായ ‘ചപ്രി’ എന്നാണ് പ്രദീപിനെ വിശേഷിപ്പിച്ചത്. പ്രദീപിന്റെ സിനിമകളൊന്നും കാണരുതെന്നും ഈ പേജ് ആഹ്വാനം ചെയ്തു.
Never support this type of Chapri actor.🤬Anyone who hurts the sentiments of Hindus, no matter who they are reject them completely and do not support them.Boycott this Dharmadrohi @pradeeponelife upcoming movie #LIK #HinduUnity #ProtectHinduSentiments #StandFirm pic.twitter.com/Mm9dMNJSAy
ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയത് ആരായാലും അവരുടെ സിനിമകള് ബഹിഷ്കരിക്കണമെന്നും അവരെ പ്രോത്സാഹിപ്പിക്കരുതെന്നും പോസ്റ്റില് പറന്നയുന്നു. ധര്മദ്രോഹിയായ പ്രദീപിന്റെ അടുത്ത ചിത്രം എല്.ഐ.കെ ബഹിഷ്കരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റിന് താഴെ പ്രദീപിനെ വിമര്ശിക്കുന്ന കമന്റുകളാണ് അധികവും വരുന്നത്. പ്രദീപിന്റെ നിറത്തെയും രൂപത്തെയും പരിഹസിക്കുന്ന കമന്റുകളും ഉണ്ട്.
എന്നാൽ ഇത്തരത്തിൽ നടനെ ആക്രമിക്കുന്നതിന് വിമർശനവും ആരാധകർ രേഖപ്പടുത്തുന്നുണ്ട്. എന്ത് കഴിക്കണമെന്ന് ഒരാൾ തീരുമാനിക്കുന്നതും പറയുന്നതും അയാളുടെ ഇഷ്ടമാണെന്നും അതിൽ അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും പറഞ്ഞു കൊണ്ട് ഒരുപക്ഷം നടന് പിന്തുണ നൽകുന്നുണ്ട്.
അതേസമയം, തുടരെ പ്രദീപിന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി കളക്ഷൻ നേടുന്നത്. നേരത്തെ നായകനായി എത്തിയ ലവ് ടുഡേ, ഡ്രാഗൺ തുടങ്ങിയ സിനിമയും ഇപ്പോൾ ഡ്യൂഡ് എന്ന ചിത്രവും 100 കോടി നേടിയിരിക്കുകയാണ്. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.
Content Highlights: Pradeep Ranganathan Talks About His Favorite Dish He Would Like To Eat If He Comes To Kerala