13-ാം വയസ്സിൽ കുത്തുകേസ്, 15-ാം വയസ്സിൽ അമ്മയെ വെടിവെച്ചു കൊന്നു; ആരാണ് റഹ്മാൻ ഡകെയ്ത് ?

2000 കളുടെ തുടക്കത്തിൽ, ഏറ്റവും ശക്തനായ ഗുണ്ടാ നേതാക്കളിൽ ഒരാളായി റഹ്മാൻ ഡകെയ്ത് ഉയർന്നു, സമ്പത്തും സ്വത്തുക്കളും രാഷ്ട്രീയ സ്വാധീനവും സമ്പാദിച്ചു. മൂന്ന് തവണ വിവാഹം കഴിക്കുകയും 13 കുട്ടികളുടെ പിതാവാകുകയും ചെയ്തു.

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ത്രില്ലര്‍ ചിത്രമാണ് 'ധുരന്ദര്‍'. യഥാര്‍ത്ഥ സംഭവങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത് അക്ഷയ് ഖന്നയാണ്. ബലൂച് ഗ്യാങ്ങിന് തുടക്കമിട്ട റഹ്‌മാന്‍ ഡകെയ്ത് എന്ന കഥാപാത്രത്തെയാണ് അക്ഷയ് ഖന്ന സിനിമയില്‍ അവതരിപ്പിച്ചത്. സിനിമയ്ക്ക് പിന്നാലെ വീണ്ടും ചര്‍ച്ചയാവുകയാണ്‌ യഥാര്‍ഥ റഹ്‌മാന്‍ ഡകെയ്തിന്റെ ജീവിതം.

സിനിമയില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ വയലന്‍സ് നിറഞ്ഞ ജീവിതമായിരുന്നു യഥാര്‍ഥ ജീവിതത്തിലെ റഹ്‌മാന്‍ ഡകെയ്തിന്റേത്. കറാച്ചിയിലെ ഒരു ഉള്‍നാടന്‍ ഗ്രമമായ ല്യാരിയാണ് റഹ്‌മാന്‍ ജനിച്ച് വളര്‍ന്ന മണ്ണ്. കുറ്റകൃത്യങ്ങള്‍ക്കും ഗുണ്ടാ ആക്രമണങ്ങള്‍ക്കും നല്ല വളക്കൂറുള്ള മണ്ണായിരുന്നു അവിടുത്തേത് . മുഹമ്മദ് എന്നയാളുടെയും രണ്ടാം ഭാര്യയായ ഖദീജയുടെയും മകനായിട്ടാണ് റഹ്‌മാന്‍ ഡകെയ്ത് ജനിച്ചത്. മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന ഇവര്‍ക്ക് അധോലോകവുമായി ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വളരെ ചെറുപ്രായത്തിൽ തന്നെ റഹ്‌മാന്റെ കുരുത്തക്കേടുകൾക്ക് വലുപ്പം വെച്ചിരുന്നു. 13 -ാം വയസിൽ പടക്കം പൊട്ടിക്കുന്നതിനെ എതിർത്തതിന് ഒരാളെ കുത്തി പരിക്കേൽപ്പിച്ചു. 15 -ാം വയസിലാണ് റഹ്‌മാന്‍ ആദ്യ കൊലപാതകം നടത്തിയത്‌. എതിരാളികളായ രണ്ട് മയക്കുമരുന്ന് കടത്തുകാരെയാണ് കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടപ്പെട്ട റഹ്‌മാൻ പിന്നീട് കൊലപ്പെടുത്തിയത് സ്വന്തം അമ്മയെയാണ്. 1995-ലാണ് വീടിനുള്ളിൽ വെച്ച് അമ്മയെ റഹ്‌മാൻ വെടിവെച്ചുകൊല്ലുന്നത്. അമ്മ പൊലീസുകാർക്ക് വിവരങ്ങൾ ചോര്‍ത്തിക്കൊടുത്തു എന്ന തെറ്റിദ്ധാരണയിലാണ്‌ ഈ കൊലപാതകം നടത്തിയത് എന്നാണ് പറയപ്പെടുന്നത്.

പിന്നീട് വലിയ ഗുണ്ടാ ഗ്യാങ്ങുകളുടെ ഭാഗമായി മാറുകയായിരുന്നു റഹ്‌മാൻ. ആയുധങ്ങളും മയക്കുമരുന്നും കൈവശം വച്ചതിന് റഹ്മാനെ പൊലീസ് പിടികൂടി. കറാച്ചി ജയിലിലിലേക്ക് കൊണ്ടുപോകും വഴി അതിസാഹസികമായി രക്ഷപ്പെട്ടു. പിന്നീട് റഹ്‌മാൻ എത്തിപ്പെട്ടത് ബലൂചിസ്ഥാനിലായിരുന്നു. അവിടെ അയാള്‍ തന്റെ സാമ്രാജ്യം പടുത്തുയർത്തി. അവിടെവെച്ചാണ് ബലൂച് ഗ്യാങ്ങ് റഹ്‌മാൻ ഉണ്ടാകുന്നത്.

2000 ത്തിന്റെ തുടക്കത്തിൽ, ഏറ്റവും ശക്തനായ ഗുണ്ടാ നേതാക്കളിൽ ഒരാളായി റഹ്മാൻ ഡകെയ്ത് ഉയർന്നു. 2006 ആയപ്പോഴേക്കും സമ്പത്തും സ്വത്തുക്കളും രാഷ്ട്രീയ സ്വാധീനവും സമ്പാദിച്ചു. മൂന്ന് തവണ വിവാഹം കഴിക്കുകയും 13 കുട്ടികളുടെ പിതാവാകുകയും ചെയ്തു. കറാച്ചിയിലും ബലൂചിസ്ഥാനിലും മാത്രമല്ല, ഇറാനിലും റഹ്മാൻ ഡകെയ്ത്ന്‌ സ്വത്തുക്കൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

താന്‍ കൊലപ്പെടുത്തിയവരുടെ തല അറുത്ത് ഫുട്ബോൾ കളിച്ചതടക്കം, കേട്ടാൽ പേടിതോന്നിപ്പിക്കുന്ന രക്തക്കളികള്‍ റഹ്മാന്റെ ചരിത്രത്തിൽ ഉണ്ട്. 2009 വരെ റഹ്മാൻ തന്റെ ഭരണം തുടർന്നിരുന്നു. 2009 ൽ കറാച്ചി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് റഹ്‌മാൻ കൊല്ലപ്പെടുന്നത്. മരിക്കുമ്പോള്‍ 34 വയസായിരുന്നു റഹ്‌മാന്റെ പ്രായം. ധുരന്ദർ സിനിമ അവസാനിക്കുന്നതും റഹ്‌മാന്റെ മരണത്തോടെയാണ്.

നിലവിൽ 500 കോടിക്കും മുകളിലാണ് ധുരന്ദർ സിനിമയുടെ ആഗോള കളക്ഷൻ. ഇത് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിൽ രൺവീർ സിങ്, സാറാ അർജുൻ, സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രണ്ട്‌ ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.

Content Highlights: Who is the villain Rehman Dakait played by Akshaye Khanna in the movie Dhurandhar?

To advertise here,contact us