'രൺവീറിന്റെ നായികയാകാൻ വേറെ നടിമാരെ കിട്ടാഞ്ഞിട്ടല്ല', സാറാ അർജുനെതിരായ വിമർശനങ്ങളിൽ കാസ്റ്റിംഗ് ഡയറക്ടർ

രൺവീർ സിങിന്റെ നായിക സാറ അർജുൻ, വിമർശനങ്ങളിൽ പ്രതികരണവുമായി ധുരന്ദർ കാസ്റ്റിംഗ് ഡയറക്ടർ

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസായ ആദ്യ ദിനങ്ങളിൽ തണുപ്പൻ സ്വീകാര്യത ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ കഥയാകെ മാറിയിരിക്കുകയാണ്. ചിത്രത്തിൽ സാറ അർജുൻ ആണ് രൺവീറിന് നായികയായി എത്തുന്നത്. ഈ കാസ്റ്റിംഗിൽ നിരവധി വിമർശനങ്ങൾ വന്നിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു വലിയ പ്രശ്നം. ഇപ്പോഴിതാ വിമർശനങ്ങളിൽ പ്രതികരണമായി എത്തിയിരിക്കുകയാണ് സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറായ മുകേഷ് ഛബ്ര.

സിനിമയുടെ കഥയ്ക്ക് ആ പ്രായത്തിലുള്ള പെൺകുട്ടിയാണ് വേണ്ടിയിരുന്നതെന്നും അതിന് പിന്നിൽ കാരണമുണ്ടെന്നും മുകേഷ് ഛബ്ര പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തിൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം എല്ലാവരോടും വിശദീകരിക്കാൻ കഴിയില്ലെന്നും മുകേഷ് ഛബ്ര പറഞ്ഞു. ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'യാലിന ജമാലി എന്ന കഥാപാത്രത്തെ കെണിയിൽപ്പെടുത്താൻ രൺവീറിൻ്റെ കഥാപാത്രം ശ്രമിക്കുന്നതാണ് കഥ. അതിനാൽ 20-21 വയസ്സുള്ള ഒരു പെൺകുട്ടിയെയാണ് ഞങ്ങൾക്ക് വേണ്ടിയിരുന്നത് എന്ന് അറിയാമായിരുന്നു. രണ്ടാം ഭാഗം വരുമ്പോൾ, പ്രായവ്യത്യാസത്തെക്കുറിച്ച് വിമർശിക്കുന്ന എല്ലാവർക്കും ഉത്തരം ലഭിക്കും. ഞാൻ പ്രായവ്യത്യാസം സംബന്ധിച്ച വാർത്തകൾ വായിച്ചപ്പോൾ ചിരിച്ചുപോയി. 26-27 വയസ്സ് പ്രായമുള്ള മികച്ച അഭിനേതാക്കളില്ലാത്തതുകൊണ്ടല്ല. ഈ പ്രായവ്യത്യാസം സിനിമയിൽ ആവശ്യമായിരുന്നു. എല്ലാം എല്ലാവരോടും വിശദീകരിക്കാൻ കഴിയില്ല. സിനിമയ്ക്ക് ഇത് അനിവാര്യമായിരുന്നു’, കാസ്റ്റിങ് ഡയറക്ടറായ മുകേഷ് ഛബ്ര പറഞ്ഞു.

ആദ്യ ദിനങ്ങളിൽ സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. മികച്ച പ്രകടനങ്ങളാൽ സമ്പന്നമാണ് സിനിമ എന്ന് പലരും വിലയിരുത്തിയെങ്കിലും സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനം ഉണ്ടാക്കാനായില്ല. എന്നാൽ സിനിമയിലെ അക്ഷയ് ഖന്നയുടെ പ്രകടനവും ഒരു സീനിലെ ഡാൻസും നിമിഷനേരം കൊണ്ടാണ് റീലുകളിലും സോഷ്യൽ മീഡിയയിലും വൈറലാകാൻ തുടങ്ങിയത്. ചിത്രത്തിലെ ഒരു സീനിൽ ഒരു പാട്ടിന്റെ അകമ്പടിയിൽ അക്ഷയ് ഖന്ന ഡാൻസ് കളിച്ച് വരുന്ന സീൻ ആണ് വൈറലായത്. പക്കാ വൈബിൽ സ്റ്റൈലിഷ് മൂഡിലാണ് നടന്റെ ഡാൻസ്. തിയേറ്ററിൽ ഈ സീനിന് വലിയ കയ്യടികളാണ് ലഭിച്ചത്. കിടിലൻ ഓറയാണ് അക്ഷയ്‌ക്കെന്നും നടൻ ഇത്തരത്തിലുള്ള സ്റ്റൈലിഷ് കഥാപാത്രങ്ങൾ ഇനിയും ചെയ്യണമെന്നുമാണ് വന്ന കമന്റുകൾ.

ഈ റീൽ ഹിറ്റായതിന് പിന്നാലെ പതിയെ സിനിമയുടെ കളക്ഷൻ വർധിക്കാൻ തുടങ്ങി. എങ്ങും ചർച്ച ധുരന്ദർ മാത്രമായി. ഇത് കളക്ഷനിലും പ്രതിഫലിക്കാൻ തുടങ്ങി. പതിയെ തുടങ്ങിയ സിനിമ എങ്ങും നിറഞ്ഞ സദസിൽ പ്രദർശനം ആരംഭിക്കാൻ തുടങ്ങി. നിലവിൽ 500 കോടിക്കും മുകളിലാണ് സിനിമയുടെ ആഗോള കളക്ഷൻ. ഇത് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. രണ്ട്‌ ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.

Content Highlights: Ranveer Singh's heroine Sara Arjun, Dhurandar casting director responds to criticism

To advertise here,contact us