സ്തനാര്ബുദത്തെ തുടര്ന്ന് തന്റെ രണ്ട് മാറിടങ്ങളും നീക്കം ചെയ്ത നടിയായിരുന്നു ഹോളിവുഡ് സൂപ്പര് താരം ആഞ്ജലീന ജോളി. ഇപ്പോഴിതാ സര്ജറിക്ക് ശേഷമുള്ള മാറിടത്തെ മുറിപ്പാടുകള് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഈ ആഴ്ച പുറത്തിറങ്ങിയ ടൈം മാഗസിന്റെ ഫ്രഞ്ച് പതിപ്പിലാണ് ആഞ്ചലീന ജോളിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. സ്തനാര്ബുദത്തെ തുടര്ന്ന് മാറിടങ്ങള് നീക്കം ചെയ്തത്തിന് ശേഷം ആദ്യമായാണ് ഇവര് തന്റെ മുറിപാടുകളുടെ ദൃശ്യങ്ങള് പങ്കുവെയ്ക്കുന്നത്. വലിയ കയ്യടിയാണ് നടിയുടെ ഈ ധീരതയ്ക്ക് ലഭിക്കുന്നത്.
സ്ത്രീകള്ക്കായാണ് താന് ഈ ചിത്രം പങ്കുവെയ്ക്കുന്നതെന്നാണ് ആഞ്ജലീന പറഞ്ഞത്. മറ്റ് സ്ത്രീകള് ഇത്തരത്തില് സ്വന്തം മുറിപ്പാടുകള് പങ്കുവെയ്ക്കുമ്പോള് താന് വികാരഭരിതയാകാറുണ്ടെന്നും ടൈം മാഗസിനോട് ആഞ്ജലീന വെളിപ്പെടുത്തി. ആഞ്ജലീന പങ്കുവെച്ച ചിത്രം ഏറെ പ്രചോദനം പകരുന്നതാണ്. നഥാനിയേല് ഗോള്ഡ്ബെര്ഗ് എന്ന ഫോട്ടോഗ്രാഫര് ആണ് നടിയുടെ ചിത്രങ്ങള് പകര്ത്തിയിരിക്കുന്നത്. കവര് ഫോട്ടോയില് ആഞ്ജലീന ഒരു ലോ-കട്ട് ടോപ്പില് ക്യാമറയിലേക്ക് നോക്കുന്നത് കാണാം. അവിടെ സര്ജറിക്ക് ശേഷമുള്ള മുറിവുകള് കാണാം.
2013-ലാണ് ആഞ്ജലീന ജോളി തന്റെ സ്തനങ്ങള് നീക്കം ചെയ്യാന് പോകുകയാണെന്ന കാര്യം ലോകത്തെ അറിയിച്ചത്. തന്റെ അമ്മയും മുത്തശ്ശിയും അമ്മായിയും മരണപ്പെട്ടത് സ്തനാര്ബുദം മൂലമാണെന്നിരിക്കെ മുന്കരുതലെന്ന നിലയ്ക്കാണ് നടി ഈ തീരുമാനം എടുത്തത്. ബന്ധുക്കളിൽ നിന്നും അര്ബുദത്തിന് കാരണമാകുന്ന ജീന് ആഞ്ജലീനയ്ക്ക് പകര്ന്ന് കിട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
രണ്ട് വര്ഷത്തിന് ശേഷം വീണ്ടും അര്ബുദ സാധ്യത കണ്ടെത്തിയതോടെ ആഞ്ജലീന അണ്ഡാശയങ്ങളും അണ്ഡവാഹിനി കുഴലുകളും നീക്കം ചെയ്തു. സ്തനാര്ബുദം സംബന്ധിച്ച് എല്ലാ സ്ത്രീകള്ക്കും അവബോധമുണ്ടാകാനാണ് താന് ഇക്കാര്യം പരസ്യമാക്കുന്നതെന്നും ഇത്തരം രോഗങ്ങള് സംബന്ധിച്ച കുടുംബ ചരിത്രമുള്ളവര് ഡോക്ടര്മാരുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണെന്നും അവര് അന്ന് വ്യക്തമാക്കിയിരുന്നു. ആഞ്ജലീനയുടെ ഈ വെളിപ്പെടുത്തലിന് ശേഷം അര്ബുദം വരാന് സാധ്യതയുണ്ടോ എന്ന് ജനിതക പരിശോധന നടത്തുന്ന സ്ത്രീകളുടെ എണ്ണത്തില് ഗണ്യമായ വളര്ച്ച ഉണ്ടായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Content Highlights: Angelina Jolie reveals her mastectomy scars first time in a Photo shoot