കത്തിക്ക് മറ്റൊരു ക്ലൈമാക്സ് കൂടി ഉണ്ടായിരുന്നു, അത് മാറ്റാൻ കാരണമിതാണ്; തുറന്നുപറഞ്ഞ് എആർ മുരുഗദോസ്

എആർ മുരുകദോസ് രചനയും സംവിധാനവും നിർവഹിച്ച് 2014 ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു കത്തി

വിജയ്‌യെ നായകനാക്കി എആർ മുരുഗദോസ് ഒരുക്കിയ സിനിമയാണ് കത്തി. ഗംഭീര വിജയം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും 100 കോടി കടന്നിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് മറ്റൊരു ക്ലൈമാക്സ് കൂടി ഉണ്ടായിരുന്നു എന്ന് പറയുകയാണ് സംവിധായകൻ എ ആർ മുരുഗദോസ്.

'കത്തിക്ക് മറ്റൊരു ക്ലൈമാക്‌സും ഉണ്ടായിരുന്നു. സിനിമയുടെ തുടക്കത്തിൽ സതീഷിന്റെ കഥാപാത്രം ടിവി കണ്ടുകൊണ്ട് ഇരിക്കുമ്പോഴാണ് വിജയ്‌യുടെ കഥാപാത്രം കയറി വരുന്നത്. ക്ലൈമാക്സിലും അതുപോലെ സാമന്ത ടിവി കണ്ടുകൊണ്ട് ഇരിക്കുമ്പോൾ വിജയ് കയറിവരുകയും സിനിമ അവിടെ അവസാനിക്കുകയും ചെയ്യും. പക്ഷെ ഞങ്ങൾ അത് ഷൂട്ട് ചെയ്തില്ല കാരണം ആ സമയത്തിനുള്ളിൽ 'യാർ പെട്ര മകനോ' എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ക്ലൈമാക്സിൽ ആ പാട്ടിൽ സിനിമ അവസാനിക്കുമ്പോൾ അതിന്റെ മൂഡ് കളയേണ്ടെന്ന് ഞങ്ങൾക്ക് തോന്നി', സംവിധായകന്റെ വാക്കുകൾ.

എആർ മുരുകദോസ് രചനയും സംവിധാനവും നിർവഹിച്ച് 2014 ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു കത്തി. സാമന്ത, നീൽ നിതിൻ മുകേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. 2012 ൽ പുറത്തിറങ്ങിയ തുപ്പാക്കിക്ക് ശേഷം വിജയ്‌യും മുരുകദോസും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. കതിരേശൻ (കതിർ), ജീവാനന്ദം (ജീവ) എന്നീ കഥാപാത്രങ്ങളായാണ് വിജയ് ചിത്രത്തിലെത്തിയത്. കർഷകരുടെ പ്രശ്നങ്ങളായിരുന്നു ചിത്രം പറഞ്ഞത്.

#Kaththi Alternative Climax | #ARMurugadoss🔥:"While beginning of the film Sathish will be watching Horoscope in TV, @actorvijay will give enter. Likewise at the end of film Samantha will be watching Horoscope in TV, calling bell will ring and Vijay sir will enter & Rolling… pic.twitter.com/iJLRM0NqIX

അതേസമയം, വിജയ്‌യുടെ അവസാന ചിത്രമായ ജനനായകൻ ജനുവരി ഒൻപതിന് പുറത്തിറങ്ങും. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

Content Highlights: Vijay film Kaththi had another climax says AR Murugadoss

To advertise here,contact us