രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം ഇന്ത്യ ഒട്ടാകെ റീ റിലീസ് ചെയ്തു. വമ്പൻ വരവേൽപ്പാണ് തലൈവർ ആരാധകർ സിനിമയ്ക്ക് നൽകുന്നത്. സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്.
രണ്ട് കോടിയിലേറെയാണ് ആദ്യ ദിനം പടയപ്പ തിയേറ്ററിൽ നിന്ന് നേടിയിരിക്കുന്നത്. റിലീസിന്റെ രണ്ടാം ദിനം പ്രീ സെയിൽ ഒരു കോടി കടന്നിരിക്കുകയാണ് ചിത്രം. രജിനിയുടെ മുൻ റീ റിലീസുകളായ ബാബ 5.3 കോടിയും ദളപതി 3.1 കോടിയുമാണ് നേടിയത്. ആദ്യ വീക്കെൻഡിൽ തന്നെ ഈ കളക്ഷൻ പടയപ്പ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിനിമയ്ക്ക് ഓവർസീസ് റീലീസ് ഇല്ലാത്തത് ആരാധകർക്ക് നിരാശയാണ്.
ഓവർസീസ് റിലീസ് കൂടി ഉണ്ടായിരുന്നെങ്കിൽ ഗില്ലിയുടെ റീ റിലീസ് കളക്ഷൻ പടയപ്പക്ക് മറികടക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 32 കോടിയാണ് ഗില്ലി രണ്ടാം വരവിൽ നേടിയത്. ഇതിൽ പകുതിയും ഓവർസീസ് കളക്ഷനാണ്. പടയപ്പയ്ക്കും ഓവർസീസ് റീലീസ് ഉണ്ടായിരുന്നെങ്കിൽ ഗില്ലിയെ പൂട്ടിയേനെ എന്നാണ് ആരാധകർ പറയുന്നത്.
തിയേറ്ററിനകത്തെ ആഘോഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും രജനി ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. വമ്പൻ റിലീസ് ആണ് സിനിമയ്ക്ക് തമിഴ്നാട്ടിൽ ലഭിച്ചിരിക്കുന്നത്. രജനിയുടെ പഞ്ച് ഡയലോഗിനൊത്ത് ആർപ്പുവിളിക്കുകയും ഗാനങ്ങൾക്കൊത്ത് ഡാൻസ് ചെയ്യുകയും ചെയ്യുന്ന തലൈവർ ആരാധകരെ വിഡിയോയിൽ കാണാം. തമിഴ്നാട്ടിലെ എല്ലാ റീ റിലീസ് റെക്കോർഡുകളെയും പടയപ്പ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ നടക്കുകയാണെന്ന് നേരത്തെ രജനി വെളിപ്പെടുത്തിയിരുന്നു. 'സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥയെപ്പറ്റിയുള്ള ചർച്ചകൾ നടക്കുകയാണ്. 'പടയപ്പ 2 -നീലാംബരി' എന്നാണ് കഥയുടെ പേര്. സിനിമയുടെ കഥയും മറ്റു കാര്യങ്ങളും കൃത്യമായി വന്നാൽ ആരാധകർക്ക് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാം', എന്നായിരുന്നു രജനിയുടെ വാക്കുകൾ.
Content Highlights: Rajinikanth's film Padayappa makes a breakthrough in collections