ഒരു വർഷത്തിൽ ചെയ്ത ആറ് സിനിമകൾ ഫ്ലോപ്പ് ആയി, നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടു: പ്രിയങ്ക ചോപ്ര

'ആ സമയത്ത് ജോലി നിരസിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഓപ്ഷനായിരുന്നില്ല. കിട്ടിയ റോളുകളെല്ലാം ചെയ്തു'

തുടക്കകാലത്ത് ബോളിവുഡിൽ നിന്ന് നേരിട്ട പരാജയങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ഒരു വർഷം താൻ ചെയ്ത ആറോളം സിനിമകൾ പരാജയമായി എന്നും നെപ്പോ കിഡ് അല്ലാത്തതിനാൽ ആ സാഹചര്യം തന്നെ ഭയപ്പടുത്തിയെന്നും പ്രിയങ്ക പറഞ്ഞു. അബുദാബിയിൽ നടന്ന ബ്രിഡ്ജ് മീഡിയ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര.

'ഒരു വർഷം ആറ് സിനിമകൾ ചെയ്തു, അതെല്ലാം തകർന്നുപോയി. സിനിമാമേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത പശ്ചാത്തലത്തിൽനിന്ന് വന്നതിനാൽ, നെപ്പോ കിഡ് അല്ലാത്തതിനാൽ, ആ സാഹചര്യം പേടിപ്പെടുത്തുന്നതായിരുന്നു. മുംബൈ നഗരം തന്നെ എന്റെ മനസ്സിലൊരു പേടിസ്വപ്‌നമായി മാറി. സിനിമാകുടുംബങ്ങളിൽനിന്നുള്ള കുട്ടികളെ പിന്തുണയ്ക്കുന്ന സുരക്ഷാകവചം എനിക്കുണ്ടായിരുന്നില്ല. ശരിക്കുമൊരു അനിശ്ചിതാവസ്ഥ', പ്രിയങ്കയുടെ വാക്കുകൾ.

2008 നുമുമ്പായിരുന്നു അതെന്നും എന്നാൽ 'ഫാഷൻ' എന്ന സിനിമ റിലീസായതോടെ തന്റെ ജീവിതം മാറിമറിഞ്ഞെന്നും പ്രിയങ്ക വെളിപ്പെടുത്തുന്നു. 'ആ സമയത്ത് ജോലി നിരസിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഓപ്ഷനായിരുന്നില്ല. കിട്ടിയ റോളുകളെല്ലാം ചെയ്തു. നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടു. നിരന്തരമായ സമ്മർദ്ദവും കരിയർ തകർച്ചയെക്കുറിച്ചുള്ള ഭയവും സിനിമാലോകത്തിനുള്ളിൽ പുതിയ വഴികൾ തേടാൻ പ്രേരിപ്പിച്ചു. തിരിച്ചടികളുടെ ഈ ഘട്ടം സ്വയം പുനർനിർമ്മിക്കാനുള്ള പ്രേരണയായി. നിർമാണത്തിലേക്ക് കടക്കുകയും ഏറ്റെടുത്ത പദ്ധതികളെക്കുറിച്ച് കൂടുതൽ ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്തു', പ്രിയങ്കയുടെ വാക്കുകൾ.

എസ് എസ് രാജമൗലി ഒരുക്കുന്ന വാരണാസിയിലാണ് പ്രിയങ്ക ചോപ്ര ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. മഹേഷ് ബാബു നായകനായി എത്തുന്ന സിനിമയിൽ വില്ലനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. ചിത്രം 2027 ൽ തിയേറ്ററിൽ എത്തും.

Content Highlights: Priyanka Chopra recalls ‘opportunities being taken away’ after she had 6 back-to-back flops

To advertise here,contact us