ജിയോഹോട്ട്സ്റ്റാറിന്റെ 'ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട്' ഇന്നലെ ചെന്നൈയിൽ വെച്ച് നടന്നു. ഹോട്ട്സ്റ്റാറിന്റെ ഇനി വരാനിരിക്കുന്ന പുതിയ സിനിമകളും സീരീസുകളും മറ്റു ഷോകളും ആണ് ചടങ്ങിലൂടെ പ്രഖ്യാപിച്ചത്. മലയാളികൾ കാത്തിരിക്കുന്ന രണ്ട് പ്രധാനപ്പെട്ട സീരീസുകളുടെ അടുത്ത സീസണിന്റെ അപ്ഡേറ്റും ഈ പരിപാടിയിൽ വെച്ച് പുറത്തുവിട്ടു.
ഹോട്ട്സ്റ്റാറിന്റേതായി പുറത്തുവന്ന രണ്ട് ഹിറ്റ് സീരീസ് ആണ് കേരള ക്രൈം ഫയൽസും 1000 ബേബീസും. ഈ രണ്ട് സീരീസുകളുടെയും അടുത്ത സീസണുകൾ ഇന്നലെ പ്രഖ്യാപിച്ചു. കേരള ക്രൈം ഫയൽസിന്റെ മൂന്നാമത്തെ സീസണും 1000 ബേബീസിൻ്റെ രണ്ടാമത്തെ സീസണുമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീർ ആണ് കേരള ക്രൈം ഫയൽസ് ഒരുക്കിയത്. ആദ്യ രണ്ട് ഭാഗങ്ങൾക്കും വലിയ വരവേൽപ്പാണ് ലഭിച്ചത്. കിഷ്കിന്ധാ കാണ്ഡം, എക്കോ തുടങ്ങിയ സിനിമകളുടെ രചയിതാവായ ബാഹുൽ രമേശ് ആണ് ഈ സീരിസിന്റെ രണ്ടാം സീസണിന്റെ തിരക്കഥ ഒരുക്കിയത്. അതേസമയം ഈ രണ്ട് പുതിയ സീസണുകളും എന്ന് പുറത്തിറങ്ങുമെന്നത് ജിയോഹോട്ട്സ്റ്റാർ പുറത്തുവിട്ടിട്ടില്ല.
നജീം കോയ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ സീരീസ് ആണ് 1000 ബേബീസ്. മികച്ച പ്രതികരണമാണ് സീരിസിന് ലഭിച്ചത്. നജീം കോയ, അറൂസ് ഇർഫാൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ സീരീസിൽ റഹ്മാൻ, നീന ഗുപ്ത, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
നിരവധി തമിഴ്, തെലുങ്ക് സീരീസുകളും ഇന്നലെ പുതിയതായി പ്രഖ്യാപിച്ചിരുന്നു. വിജയ് സേതുപതി നായകനായി എത്തുന്ന 'കാട്ടാൻ' ആണ് ഇതിൽ പ്രധാനപ്പെട്ട സീരീസ്. കടൈസി വിവസായി എന്ന ഹിറ്റ് സിനിമയൊരുക്കിയ മണികണ്ഠൻ ആണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത്.
Content Highlights: Kerala crime files and 1000 babies next season coming soon